ഒരവസരം തരൂ... ഗുജറാത്തിൽ കെജ്‌രിവാൾ-മാൻ റോഡ് ഷോ


1 min read
Read later
Print
Share

അരവിന്ദ് കെജ്‌രിവാൾ സബർമതി ആശ്രമം സന്ദർശിച്ചപ്പോൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സമീപം| Photo: ANI

അഹമ്മദാബാദ്: തുടർച്ചയായ ഭരണം ബി.ജെ.പി.യെ മത്തുപിടിപ്പിച്ചിരിക്കുന്നു. അവർ ജനങ്ങളെ കേൾക്കുന്നില്ല. ആം ആദ്മി പാർട്ടിക്ക് ഒരവസരം തരൂ. അഹമ്മദാബാദിലെ റോഡ് ഷോയിൽ ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അഭ്യർഥിച്ചു. ഡൽഹിയും പഞ്ചാബും പിടിച്ചു. ഇനി ഗുജറാത്ത്. ഒപ്പമുണ്ടായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌സിങ് മാനിന്റെ ആഹ്വാനം അനുയായികൾ ഏറ്റുപിടിച്ചു.

ഡിസംബറിൽ നിയമസഭയുടെ കാലാവധി പൂർത്തിയാക്കുന്ന ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ തിരംഗാ യാത്ര അഹമ്മദാബാദിൽ നയിക്കുകയായിരുന്നു ഇരുവരും. ഡൽഹിയും പഞ്ചാബും ഞങ്ങൾക്ക് അവസരം തന്നു. നിങ്ങളും തരൂ. ആം ആദ്മിയെ ഒരിക്കൽ പരീക്ഷിച്ചാൽ മറ്റെല്ലാ പാർട്ടികളെയും നിങ്ങൾ മറക്കും. -കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്തിലെ അഴിമതിയെയാണ് അദ്ദേഹം കൂടുതൽ വിമർശിച്ചത്. ഡൽഹിയിൽ ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ പൗരന്മാർ കെജ്‌രിവാളിനെ വിളിക്കും. പഞ്ചാബിൽ പത്തുദിവസം കൊണ്ട് അഴിമതിക്കാർ ഓടിയൊളിച്ചു. ഗുജറാത്തിലും മാറ്റംവേണ്ടേ. ബി.ജെ.പി.യെയും കോൺഗ്രസിനെയും തോൽപ്പിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. ഗുജറാത്തിനെയും ഗുജറാത്തികളെയും വിജയിപ്പിക്കുകയാണ് ഉദ്ദേശ്യം.

പഴയനഗരത്തിലെ നികോൾമുതൽ ബാപ്പുനഗർവരെയുള്ള രണ്ടുകിലോമീറ്റർ ദൂരമാണ് ശനിയാഴ്ച വൈകീട്ട് ഇരുനേതാക്കളും റോഡ് ഷോ നടത്തിയത്. പട്ടേൽ സംവരണപ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലങ്ങളാണിവ. സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്താനും കെജ്‌രിവാൾ മറന്നില്ല. രാവിലെ നേതാക്കൾ സാബർമതി ആശ്രമം സന്ദർശിച്ചു. ഞായറാഴ്ചയും നഗരത്തിൽ തുടരുന്ന കെജ്‌രിവാൾ സ്വാമിനാരായൺ ക്ഷേത്രത്തിൽ ദർശനം നടത്തും. ഗുജറാത്തിലെ പ്രമുഖ സാമൂഹികപ്രവർത്തകരുമായി ചർച്ചനടത്തും. ആപ്പിന്റെ നേതൃയോഗത്തിലും സംബന്ധിക്കും.

ആപ് നേതാക്കളുടെ വരവിനെ ബി.ജെ.പി. നിസാരവത്‌കരിച്ചു. ‘ഇത്തിരി വലിയ മേയർ’ എന്നാണ് മന്ത്രിസഭാ യോഗം വക്താവായ ജിത്തു വാഘാണി പരിഹസിച്ചത്. ആപ്പിന്റെ റോഡ് ഷോയിൽ പങ്കെടുക്കാനായി പണം വിതരണംചെയ്യുന്നതെന്ന് ആരോപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബി.ജെ.പി. സാമൂഹിക മാധ്യമവിഭാഗം പുറത്തുവിട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..