സുപ്രീംകോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന തങ്ങളുടെ ആവശ്യത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സുപ്രീംകോടതിയിൽ. വിചാരണ മാറ്റുന്നതിനെ എതിർത്ത് കേരളം നൽകിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ നീതിയുക്തമായ വിചാരണ സാധ്യമല്ലെന്നും പ്രതികളെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും ഇ.ഡി. ആവർത്തിച്ചു. കേസ് നവംബർ മൂന്നിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇ.ഡി. അനുബന്ധ സത്യവാങ്മൂലം നൽകിയത്.
സ്വർണക്കടത്ത് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായപ്പോൾ സംസ്ഥാനത്തെ ഭരണസംവിധാനങ്ങൾ ഇ.ഡി.ക്കെതിരേ തിരിയുകയും പ്രതികളെ സ്വാധീനിച്ച് കള്ളക്കേസ് നൽകുകയുംചെയ്തു. ഇതെല്ലാം വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ്. വിചാരണ കേരളത്തിലാണെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് തന്റെ സ്വാധീനമുപയോഗിച്ച് വൈകിപ്പിക്കാൻ സാധിക്കും. കേന്ദ്ര ഏജൻസി അന്വേഷിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ വെച്ചതും നടപടികൾ വൈകിപ്പിക്കാനാണ്. കള്ളപ്പണം വെളുപ്പിക്കൽ പ്രത്യേക വിചാരണവേണ്ട വിഷയമാണ്. എൻ.ഐ.എ. അന്വേഷിക്കുന്ന കേസിലെ നടപടികൾക്ക് ഇ.ഡി. കേസ് വിചാരണ മാറ്റുന്നതുമായി ബന്ധമില്ലെന്നും സംസ്ഥാന സർക്കാരിന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഇ.ഡി. പറഞ്ഞു.
സംസ്ഥാന ഭരണകൂടവും പോലീസും അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണമാറ്റാൻ ഇ.ഡി. സുപ്രീംകോടതിയെ സമീപിച്ചത്. ഒന്നുംരണ്ടും പ്രതികളായ യു.എ.ഇ. കോൺസുലേറ്റ് മുൻ പി.ആർ.ഒ. സരിത്ത്, കോൺസുൽ ജനറലിന്റെ മുൻ സെക്രട്ടറി സ്വപ്നാ സുരേഷ് എന്നിവരെ കുറ്റപ്പെടുത്താതെ മൂന്നാംപ്രതി സന്ദീപ് നായർ, നാലാം പ്രതി ശിവശങ്കർ എന്നിവരെ പഴിചാരിയാണ് ഇ.ഡി.യുടെ ഹർജി. മജിസ്ട്രേറ്റിന് മുൻപാകെ നൽകിയതുൾപ്പെടെ സ്വപ്നാ സുരേഷിന്റെ മൊഴികൾ പിൻവലിക്കാൻ അവർക്കുമേൽ സമ്മർദമുണ്ടെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരേ സ്വപ്ന മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ മൊഴി മുദ്രവെച്ചകവറിൽ സുപ്രീംകോടതിക്ക് മുൻപാകെ സമർപ്പിക്കാമെന്നും ഇ.ഡി. അറിയിച്ചിരുന്നു.
Content Highlights: gold smuggling case supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..