ജ്യോതിരാദിത്യ സിന്ധ്യ| ഫോട്ടോ:എഎൻ.ഐ
ന്യൂഡൽഹി: എയർ സ്ട്രിപ്പുകൾ ഉൾപ്പെടെ രാജ്യത്ത് 2025-നുമുമ്പ് 220 വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു.
മൂന്ന് പുതിയ ആഭ്യന്തര കാർഗോ ടെർമിനലുകളും പൈലറ്റുമാർക്കായി 15 പുതിയ ഫ്ളൈറ്റ് പരിശീലന സ്കൂളുകളും സ്ഥാപിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഡ്രോൺ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും. യാത്രക്കാരുടെ എണ്ണം അടുത്ത വർഷം 40 കോടിയായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യർഥനാചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗ്രീൻ ഫീൽഡ് മാർഗത്തിലും ബ്രൗൺ ഫീൽഡ് മാർഗത്തിലുമാണ് കൂടുതൽ വിമാനത്താവളങ്ങൾ നിർമിക്കാൻ ആലോചിക്കുന്നതെന്ന് സിന്ധ്യ പറഞ്ഞു. പുതിയ വേനൽക്കാല സമയക്രമത്തിൽ ആഭ്യന്തരതലത്തിൽ 135 വിമാനസർവീസുകളും അന്താരാഷ്ട്രതലത്തിൽ 15 സർവീസുകളും ആരംഭിക്കും.
കോവിഡിനുമുമ്പ് പ്രതിദിനം 4.15 ലക്ഷം വിമാനയാത്രക്കാർ ഉണ്ടായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴുദിവസങ്ങളിലായി പ്രതിദിനം 3.82 ലക്ഷം യാത്രക്കാരുണ്ട്.
സാധാരണക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച ഉഡാൻ പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. ഉഡാനിൽ നിലവിൽ 409 റൂട്ടുകളുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഒരു ലക്ഷത്തിലേറെ സർവീസുകൾ നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ 133 പുതിയ കാർഗോ വിമാനങ്ങൾകൂടി സർവീസ് നടത്തും.
പൈലറ്റ് ലൈസൻസ് നൽകുന്നതിനും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനും നിലവിലുള്ള നടപടി ക്രമങ്ങൾ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഘൂകരിക്കും. ഡിജി യാത്രാ പദ്ധതി വിപുലീകരിക്കും. ഇതോടെ കൗണ്ടറുകൾക്ക് മുന്നിലും സുരക്ഷാ പരിശോധനയ്ക്കുമുള്ള കാത്തുനിൽപ് സമയം കുറയും. തടസ്സമില്ലാതെ വിമാനയാത്രയ്ക്ക് സഹായിക്കും. നിലവിൽ ഏഴുവിമാനത്താവളങ്ങളിൽ പ്രാഥമികമായി നടപ്പാക്കിയിട്ടുണ്ട്.
ജെറ്റ് എയർവെയ്‌സ്, ആകാശ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ഉടൻ പ്രവർത്തനം തുടങ്ങും. ലോകത്ത് വനിതാ പൈലറ്റുമാരുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്; 15 ശതമാനം വനിതകളാണ്. മറ്റു രാജ്യങ്ങളിൽ ഇത് അഞ്ചുശതമാനമാണെന്ന് സിന്ധ്യ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..