നിതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി | Photo: PTI
ന്യൂഡൽഹി: ജി.എസ്.ടി. നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ഭരണസമിതിയോഗം ചർച്ചചെയ്തില്ലെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചിരുന്നു.
‘ചർച്ചചെയ്ത വിഷയങ്ങൾ അടുത്ത 25 വർഷത്തെ അമൃത് കാലിൽ രാജ്യത്തിന്റെ ദേശീയ മുൻഗണനകൾ നിർവചിക്കുന്നതിൽ നിർണായകമാകും. പയർവർഗങ്ങളിലും ഭക്ഷ്യ എണ്ണയിലും രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്ന നടപടികളെക്കുറിച്ച് ചർച്ചകൾ നടന്നു. പത്തുവർഷത്തിനകം ആവശ്യത്തിന്റെ 25 ശതമായി ഇറക്കുമതിത്തോത് കുറയ്ക്കാനാണ് ലക്ഷ്യം’ -അദ്ദേഹം പറഞ്ഞു.
ട്രേഡ് (വ്യാപാരം), ടൂറിസം (വിനോദസഞ്ചാരം), ടെക്നോളജി (സാങ്കേതികവിദ്യ) എന്നീ മൂന്നു ‘ടി’കളിൽ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി യോഗത്തിൽ നിർദേശിച്ചതായും കാർഷികമേഖലയെ സ്വയംപര്യാപ്തമാക്കാൻ കൃഷി ആധുനികവത്കരണത്തിലും കന്നുകാലി വളർത്തലിലും ഭക്ഷ്യസംസ്കരണത്തിലും രാജ്യം ഊന്നൽനൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജി.എസ്.ടി. വരുമാനം വർധിപ്പിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചുപ്രവർത്തിക്കണം. എങ്കിൽമാത്രമേ അഞ്ച് ട്രില്യൻ ഡോളർ സമ്പദ്ഘടനയിലേക്ക് ഉയരാൻ സാധിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തവർഷം ജി-20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം വഹിക്കുമ്പോൾ ഇന്ത്യയ്ക്ക് ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുകയാണെന്നും ജി-20 യിൽനിന്ന് പരമാവധി പ്രയോജനം നേടാൻ സംസ്ഥാനതലത്തിൽ പ്രത്യേക ജി-20 സംഘങ്ങൾ രൂപവത്കരിക്കണമെന്നും മോദി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നിതി ആയോഗ് അംഗം രമേശ് ചന്ദ്, സി.ഇ.ഒ. പരമേശ്വരൻ അയ്യർ എന്നിവരും പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിർമലാ സീതാരാമൻ, എസ്. ജയ്ശങ്കർ, നിതിൻ ഗഡ്കരി എന്നിവർ നിതി ആയോഗ് യോഗത്തിൽ പങ്കെടുത്തു.
Content Highlights: GST Compensation NITI Aayog did not discuss the demand of states


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..