ഗുജറാത്തിൽ മുതിർന്ന വോട്ടർമാരെ ബൂത്തുകളിലേക്കെത്തിക്കുന്നു |ഫോട്ടോ:PTI
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിൽ 60.20 ശതമാനം പേർ വോട്ടുചെയ്തു. 2017-ലെ തിരഞ്ഞെടുപ്പിൽ ഇതേ മേഖലയിൽ 68 ശതമാനം പോളിങ് ഉണ്ടായിരുന്നു.
സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. നർമദ ജില്ലയിലാണ് കൂടിയ പോളിങ്; 73.02 ശതമാനം. തെക്കൻ ഗുജറാത്തിനെക്കാൾ സൗരാഷ്ട്രയിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്.
പോർബന്തർ ജില്ലയിൽ 53.84 ശതമാനം മാത്രമാണ് പോളിങ്. കച്ചിലെ ഗാന്ധിധാം മണ്ഡലത്തിൽ 40 ശതമാനം പേരേ വോട്ടുചെയ്തുള്ളൂ. നർമദ ജില്ലയിലെ ദെഡിയപാഡ മണ്ഡലത്തിൽ 81.34 ശതമാനം പോളിങ്ങുണ്ടായി.
വോട്ടെടുപ്പ് ഏറക്കുറെ സമാധാനപരമായിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിപ്പുകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ ഗുജറാത്ത് പോലീസിനെമാത്രം ഉപയോഗിച്ചതിനെതിരേ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ജവാന്മാരെ ഈ ജോലിയിൽനിന്ന് മാറ്റിയത് ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു.
ഉന മണ്ഡലത്തിൽ ഗിർ വനത്തിലെ ഏകാംഗ ബൂത്തിൽ ക്ഷേത്രം മഹന്ത് ഹരിദാസ് ഉദാസിൻ വോട്ട് ചെയ്തു. ആഫ്രിക്കൻ സിദ്ദി വിഭാഗത്തിനായി ഗിർ സോമനാഥിലെ മധുപൂർ ജംബറിൽ ആദ്യമായി സ്ഥാപിച്ച ബൂത്തിൽ പരമ്പരാഗത വേഷമണിഞ്ഞ് വോട്ടർമാരെത്തി.
തിങ്കളാഴ്ച 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്; എട്ടിന് ഹിമാചൽപ്രദേശിനൊപ്പം ഫലമറിയാം.
സിലിൻഡറുമായി സ്ഥാനാർഥി സൈക്കിളിൽ
രാജ്കോട്ട്: കോൺഗ്രസ് സ്ഥാനാർഥി പോളിങ്ങ് ബൂത്തിലെത്തിയത് പാചകവാതകസിലിൻഡർ കെട്ടിവെച്ച സൈക്കിളിൽ. അമ്രേലിയിലെ നിലവിലെ എം.എൽ.എ.യും മുൻ പ്രതിപക്ഷ നേതാവുമായ പരേശ് ധാനാണിയാണ് വോട്ടെടുപ്പുനാളിൽ നിശ്ശബ്ദ പ്രതിഷേധം നടത്തിയത്.
സൈക്കിളിന്റെ കാരിയറിൽ കെട്ടിവെച്ച സിലിൻഡറിൽ വിലയും എഴുതിയിരുന്നു. 2014- 430 രൂപ. 2022 - 1120 രൂപ. സിലിൻഡർ 500 രൂപയ്ക്ക് നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.
മറ്റു ചില മണ്ഡലങ്ങളിൽ വോട്ടർമാരും വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സിലിൻഡർ തോളിലേന്തിയാണ് വോട്ടുചെയ്യാനെത്തിയത്. സംസ്ഥാനത്തെ പശുപാലക സമുദായമായ മാൽധാരികൾ ബി.ജെ.പി. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പശുവും കിടാവുമായി ബൂത്തുകളിലെത്തി.
കല്ലേറിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് പരിക്ക്
സൂറത്ത്: വോട്ടെടുപ്പിന്റെ തലേരാത്രിയിൽ ബി.ജെ.പി. സ്ഥാനാർഥിക്കു നേരെ കല്ലേറുണ്ടായി. നവസാരി ജില്ലയിലെ വൻസാഡ സ്ഥാനാർഥി പീയൂഷ് പട്ടേലിന്റെ തലയ്ക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി പ്രതാപ് നഗറിൽനിന്ന് വന്ദർ വാലയിലേക്കുള്ള വഴിയിൽവെച്ച് വാഹനം തടഞ്ഞ് ചിലർ കല്ലെറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പീയൂഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് പീയൂഷ് ആരോപിച്ചു. സിറ്റിങ് എം.എൽ.എ. അനന്ത് പട്ടേലാണ് എതിർ സ്ഥാനാർഥി.
Content Highlights: Gujarat Election 2022 News First phase polling over,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..