പ്രതീകാത്മകചിത്രം| Photo: Mathrubhumi
അഹമ്മദാബാദ്: ഉപാധികളൊന്നുംവെക്കാതെ, വെറും ഒന്നേകാൽ പേജിൽ കരാറുണ്ടാക്കിയ നഗരസഭയും കണ്ണടച്ച സർക്കാരും മോർബി തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയെ കൈയയച്ച് സഹായിച്ചെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമർശനം. 135 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ച് ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരുന്നു കോടതിയുടെ പ്രതികരണം.
ഒക്ടോബർ 30-നുണ്ടായ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒറീവാ കമ്പനിയുമായി 2008-ലെ ധാരണാപത്രത്തിലും 2022-ലെ കരാറിലും സുരക്ഷയെപ്പറ്റി ഉപാധികൾ വെച്ചിരുന്നോയെന്നും അതുപരിശോധിക്കാൻ അധികാരം ആർക്കായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. “ഇത് ഒന്നേകാൽ പുറം മാത്രമുള്ള കരാറാണ്. ഒരു ഉപാധിയും വെച്ചിട്ടില്ല. ഇതൊരു ധാരണമാത്രമാണ്. പത്തുവർഷത്തേക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. താത്‌പര്യപത്രവുമില്ല, ടെൻഡറുമില്ല” -കോടതി പറഞ്ഞു.
കാലാവധി 2017 ജൂണിൽ പൂർത്തിയായശേഷം സർക്കാരും നഗരസഭയും ടെൻഡർ വിളിക്കാൻ എന്തുനടപടിയെടുത്തുവെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. “ടെൻഡർ വിളിക്കാതെ ഒരുവ്യക്തിയോട് ഇത്ര ഔദാര്യം കാണിച്ചതെന്തിന്? കാലാവധി കഴിഞ്ഞിട്ടും ഒരു കരാറുമില്ലാതെ കുറേക്കാലം കമ്പനി പാലത്തിന്റെ മേൽനോട്ടം വഹിച്ചതെന്തിന്. ഇപ്പോഴും നഗരസഭയിൽനിന്ന് സർക്കാർ ഏറ്റെടുക്കാത്തതെന്ത്?” -കോടതി ആരാഞ്ഞു.
മോർബി നഗരസഭയ്ക്കുവേണ്ടി ആരും ഹാജരാകാത്തതും കോടതിയെ ചൊടിപ്പിച്ചു. നഗരസഭയ്ക്ക് കോടതിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം. “രജിസ്ട്രി നോട്ടീസ് അയച്ചതാണ്. കേമത്തം നടിക്കരുതെന്ന് അവരോടു പറയൂ?” -എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നഗരസഭാധികൃതർക്ക് നോട്ടീസ് നേരിട്ടെത്തിക്കാൻ മോർബി ജില്ലാകോടതിയെ ചുമതലപ്പെടുത്തുകയുംചെയ്തു. ഇതുവരെ ഒമ്പതുപ്രതികളെ പിടികൂടിയെന്നും കൂടുതൽപേരുണ്ടെങ്കിൽ അറസ്റ്റുചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് നാലുലക്ഷം രൂപവീതം നൽകി.
Content Highlights: gujarat high court criticizes gujarat government for morbi bridge collapse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..