തീസ്തയ്ക്കും ശ്രീകുമാറിനുമെതിരായ ആരോപണം പ്രത്യേകസംഘം അന്വേഷിക്കും; ജൂലായ് 1വരെ പോലീസ് കസ്റ്റഡിയില്‍


Teesta Setalvad and R B Sreekumar | Photo: ANI and K.K.Praveen/ Mathrubhumi

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ സാമൂഹികപ്രവർത്തക തീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി.യും മലയാളിയുമായ ആർ.ബി. ശ്രീകുമാർ, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരേയുള്ള ആരോപണങ്ങൾ പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ഡി.ഐ.ജി.യും മലയാളിയുമായ ദിപൻ ഭദ്രനാണ് അന്വേഷണ സംഘത്തലവൻ. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് മൂന്നുപേർക്കുമെതിരേ ചുമത്തിയിട്ടുള്ളത്.

അതിനിടെ, അറസ്റ്റിലായ തീസ്തയെയും ശ്രീകുമാറിനെയും ഞായറാഴ്ച അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജൂലായ് ഒന്നുവരെ ഇരുവരെയും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. മൂന്നുപേരുടെയും സാമ്പത്തിക ഇടപാടുകളും എൻ.‌ജി.ഒ. ബന്ധങ്ങളും വിദേശ സഹായധനം ഉണ്ടോ എന്നതും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ ചൈതന്യ മാൻഡ്‌ലിക് അറിയിച്ചു. ഇവരെ പ്രേരിപ്പിച്ചത് ഏതെങ്കിലും രാഷ്ട്രീയക്കാരാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിദേശ സഹായധനമുണ്ടെന്ന സൂചന ലഭിച്ചാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും.

2002-ലെ ഗുജറാത്ത് കലാപക്കേസുകൾ സംബന്ധിച്ച് അന്വേഷണക്കമ്മിഷനും പ്രത്യേക അന്വേഷണ സംഘത്തിനും കോടതികൾക്കും തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും നൽകിയ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോൾ ക്രൈംബ്രാഞ്ച് തന്നെ കൈയേറ്റം ചെയ്തെന്നും കൈയിൽ മുറിവേറ്റെന്നും അഹമ്മദാബാദ് ആശുപത്രിയിൽവെച്ച് തീസ്ത മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് കുറ്റമല്ല -യു.എൻ.

തീസ്തയുടെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ. മനുഷ്യാവകാശ കമ്മിഷൻ. വിദ്വേഷത്തിനും വിവേചനത്തിനുമെതിരേ ശബ്ദമുയർത്തുന്നയാളാണ് തീസ്ത. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക റിപ്പോർട്ടർ മേരി ലോവർ ട്വിറ്ററിൽ കുറിച്ചു.

തീസ്തയ്ക്ക് പിന്നിൽ സോണിയയെന്ന് ബി.ജെ.പി.; ആരോപണം തള്ളി കോൺഗ്രസ്

ന്യൂഡൽഹി : ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പ്രചാരണം നടത്താൻ സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിനെ പ്രേരിപ്പിച്ചത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ബി.ജെ.പി. ആരോപിച്ചു.

തീസ്തയുടെ സന്നദ്ധസംഘടനയ്ക്ക് അന്നു കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ. സർക്കാർ 1.4 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. ദേശീയ വക്താവ് സാംബിത് പത്ര ആരോപിച്ചു. മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും പ്രചാരണം നടത്താൻ തീസ്ത ഈ പണം ഉപയോഗിച്ചു. സോണിയാ ഗാന്ധിയും കോൺഗ്രസ് പാർട്ടിയുമായിരുന്നു തീസ്തയുടെ പ്രേരകശക്തിയെന്നും സാംബിത് പത്ര പറഞ്ഞു.

എന്നാൽ, ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു. ബി.ജെ.പി.യുടെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ട്വീറ്റ് ചെയ്തു. ആരോപണങ്ങളെ പാർട്ടി ശക്തമായി അപലപിക്കുന്നു. ഈ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്നും മുതിർന്ന അഭിഭാഷകൻകൂടിയായ അഭിഷേക് സിങ്‌വി ട്വീറ്റിൽ പറഞ്ഞു.

തീസ്തയുടെയുംമറ്റും പേരിലുള്ള കേസ് പിൻവലിക്കണമെന്ന് സി.പി.എം.

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവർത്തക തീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരേ ചുമത്തിയ കേസ് പിൻവലിക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിലഭിക്കാൻ പോരാടിയ തീസ്തയെ അറസ്റ്റുചെയ്തതിനെ പി.ബി. അപലപിച്ചു. വർഗീയസംഘർഷങ്ങളുണ്ടാകുമ്പോൾ ഭരണകൂടത്തിന്റെ പങ്ക് ചോദ്യംചെയ്യരുതെന്ന് ജനാധിപത്യവിശ്വാസികൾക്കുള്ള ഭീഷണിയാണ് ഈ അറസ്റ്റ്. ഇത് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരാണ്. സുപ്രീംകോടതി വിധിയിലെ പരാമർശങ്ങളെത്തുടർന്നാണ് ഇവർക്കെതിരേ ഗുജറാത്ത് സർക്കാരിന്റെ നടപടി. കോടതി സ്ഥാപിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടികളെ കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ലെന്നാണ് ഇതിനർഥം. മറിച്ചായാൽ കേസെടുക്കും. ജുഡീഷ്യൽ സംവിധാനത്തിൽ വിശ്വസിക്കുന്ന തീസ്തയെപ്പോലുള്ളവരെ ശിക്ഷിക്കുകയാണ് ഈ വിധി. തിരുത്തൽ ഹർജിക്ക് സാധ്യതയുള്ള കേസാണിതെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

തീസ്തയെ മോചിപ്പിക്കണമെന്ന് സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ ട്വീറ്റ് ചെയ്തു.

Content Highlights: Gujarat Police arrests activist Teesta Setalvad, former IPS officer RB Sreekumar

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..