വരുന്നത് കൊടുംചൂട്; ഏപ്രിൽമുതൽ ജൂൺവരെ പൊള്ളുമെന്ന് മുന്നറിയിപ്പ്


2 min read
Read later
Print
Share

1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.

പ്രതീകാത്മകചിത്രം | Mathrubhumi archives

ന്യൂഡൽഹി: ഏപ്രിൽമുതൽ ജൂൺവരെ രാജ്യത്ത് മിക്കയിടത്തും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. വരുംദിവസങ്ങളിൽ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുനൽകി. ഈമാസം സാധാരണ അളവിൽ മഴ ലഭിക്കും. 1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.

2022 -ലെ കാലാവസ്ഥ

- ഏറ്റവും ചൂടേറിയ മാർച്ച്

- 121 വർഷത്തിനിടെ മൂന്നാമത്തെ വലിയ വരൾച്ച.

- 1901-നുശേഷം രാജ്യത്തെ മൂന്നാമത്തെ ചൂടേറിയ ഏപ്രിൽ

- പതിനൊന്നാമത്തെ ചൂടേറിയ ഓഗസ്റ്റ്, എട്ടാമത്തെ ചൂടേറിയ സെപ്‌റ്റംബർ.

മഴ

- 1971 മുതൽ 2020 വരെയുള്ള കണക്കനുസരിച്ച് ഏപ്രിലിൽ രാജ്യത്ത് ശരാശരി 39.2 മില്ലിമീറ്ററോളം മഴ ലഭിക്കാറുണ്ട്.

- വടക്കുപടിഞ്ഞാറൻ, മധ്യ, ഉപദ്വീപ് മേഖലകളിലെ മിക്കയിടത്തും സാധാരണയിലധികം മഴ പ്രതീക്ഷിക്കുന്നു.

- കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ സാധാരണയിൽ താഴെയുള്ള മഴ ലഭിക്കാനാണ് സാധ്യത.

- രാജ്യത്തെ നൂറോളം കാലാവസ്ഥാ കേന്ദ്രങ്ങളിൽ കനത്തമഴ (64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) റിപ്പോർട്ടുചെയ്തിട്ടുണ്ട്. 2018-നുശേഷം ഏറ്റവും ഉയർന്ന മഴയാണിത്.

- വരും മാസങ്ങളിൽ അനുകൂല ഇന്ത്യൻ ഓഷ്യൻ ഡൈപോളിന് (ഐ.ഒ.ഡി.) സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ്, കിഴക്കൻ ഭാഗങ്ങൾ തമ്മിലുള്ള സമുദ്രോപരിതല താപനിലയിലെ വ്യത്യാസമാണ് ഐ.ഒ.ഡി. നിർവചിക്കുന്നത്.

ലാ നിന, എൽ നിനോ

- ഇന്ത്യൻ മൺസൂണിന് അനുകൂലമാകുന്ന ലാ നിന പ്രതിഭാസം ദുർബലമായി മാറി.

- ജൂലായ്‌-സെപ്റ്റംബർ മാസങ്ങളിൽ എൽ നിനോ പ്രതിഭാസത്തിന് സാധ്യത കൂടുതൽ.

ഉഷ്ണതരംഗം

സമതലങ്ങളിലെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസും തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസും മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും എത്തുകയും സാധാരണ താപനിലയിൽനിന്ന് 4.5 ഡിഗ്രി സെൽഷ്യസ് കൂടുകയുംചെയ്താൽ ഉഷ്ണതരംഗമായി കണക്കാക്കും.

ചൂടിനെ നേരിടാൻ

സാമ്പത്തിക നാശത്തിനും ജീവഹാനിക്കും കാരണമാകുന്ന ഉഷ്ണതരംഗങ്ങളെ വരുതിയിലാക്കാനുള്ള പദ്ധതിയാണ് ഹീറ്റ് ആക്‌ഷൻ പ്ലാൻ (എച്ച്.എ.പി.). ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും ജാഗ്രതാനടപടികളും എച്ച്.എ.പി. നിർദേശിക്കും. ഇന്ത്യയിലെ 37 ഹീറ്റ് ആക്‌ഷൻ പ്ലാനുകളിൽ മിക്കതും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കഴിഞ്ഞമാസം സെന്റർ ഫോർ പോളിസി റിസർച്ച് (സി.പി.ആർ.) നടത്തിയ അവലോകനത്തിൽ റിപ്പോർട്ടു ചെയ്തിരുന്നു.

‘ലാ നിന’

‘എൽ നിനോ’യും ‘ലാ നിന’യും, ‘എൻസോ’ അഥവാ എൽനിനോ സതേൺ ഓസിലേഷൻ (ഇ.എൻ.എസ്.ഒ.) എന്ന ചക്രത്തിന്റെ രണ്ടു വിപരീതഘട്ടങ്ങളാണ്. ശാന്തസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കടുത്ത കിഴക്ക്-മധ്യഭാഗത്തെ അന്തരീക്ഷവും സമുദ്രവും തമ്മിലുള്ള താപനിലയിലുണ്ടാകുന്ന ക്രമാതീതമായ വ്യതിയാനത്തെയാണ് ‘എൻസോ’ എന്നുവിളിക്കുന്നത്. ‘ലാ നിന’ എൻസോയുടെ തണുത്ത ഘട്ടവും (താപനില സാധാരണനിലയിൽനിന്ന് കുറയുക), ‘എൽ നിനോ’ എൻസോയുടെ ചൂടുള്ള ഘട്ടവുമാ (താപനില സാധാരണ നിലയിൽനിന്ന്‌ കൂടുക)ണ്.

Content Highlights: Heat India April to June

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..