പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡൽഹി: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. പട്ടിക പുറത്തിറക്കുമ്പോൾ തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ കേരളത്തിന്റെ ചുമതലയുള്ള പ്രതിനിധി താരിഖ് അൻവറിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നേതാക്കൾക്ക് താരിഖ് ഉറപ്പൊന്നും നൽകിയില്ലെങ്കിലും പരിശോധിക്കാം എന്നറിയിച്ചു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനങ്ങളിൽ തന്നെ പരിഹരിക്കണമെന്ന നിലപാടാണ് ഉന്നതനേതൃത്വത്തിനുള്ളത്.
ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എ.ഐ.സി.സി. ഇടപെടേണ്ട കാര്യമില്ലെന്നും അത് സംസ്ഥാനതലത്തിൽതന്നെ ചർച്ചചെയ്തു പരിഹരിക്കുമെന്നും സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ എ, ഐ ഗ്രൂപ്പുകൾ തിരുവനന്തപുരത്ത് യോഗം ചേർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് പരാതിനൽകാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനും ബന്ധപ്പെട്ടു.
എ ഗ്രൂപ്പിന്റെ അഭിപ്രായം എം.എം. ഹസനും ബെന്നി ബഹനാനും ഐ ഗ്രൂപ്പിന്റെ നീരസം രമേശ് ചെന്നിത്തലയുമാണ് താരിഖിനെ അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബുധനാഴ്ച കാണാനെത്തിയപ്പോഴാണ് ചെന്നിത്തല താരിഖിനെ കണ്ടത്. വിഷയം പരിശോധിക്കാമെന്ന് നേതാക്കളെ താരിഖ് അറിയിച്ചെങ്കിലും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും പൂർണമായി പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചത്. കേരളത്തിൽ പുനഃസംഘടന നടന്നത് ജനാധിപത്യരീതിയിലാണെന്നും തന്നോട് ബന്ധപ്പെട്ട മാധ്യമപ്രവർത്തകരെ താരിഖ് അറിയിച്ചു. ജില്ലാതലത്തിൽ സമിതികളുണ്ടാക്കി ഏകകണ്ഠേനയാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പെന്നും ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: high command will not intervene in congress block president list issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..