പ്രതീകാത്മകചിത്രം| Photo: Mathrubhumi
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാലം ദുരന്തത്തിൽ സത്യവാങ്‌മൂലം നൽകാൻ സമയം ചോദിച്ച നഗരസഭയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. വഴങ്ങിയ അധികൃതർ വൈകീട്ട് മറുപടിയുമായെത്തി. പാലം ദുർബലമെന്നറിഞ്ഞിട്ടും മുമ്പും തുറന്നുകൊടുത്തതായി മറുപടിയിൽ വ്യക്തമായി.
135 പേർ മരിച്ച വിഷയം ബുധനാഴ്ച രാവിലെ പരിഗണിച്ചപ്പോൾ മറുപടി നൽകാൻ നവംബർ 24 വരെ സമയം നഗരസഭ ആവശ്യപ്പെട്ടതാണ് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ബെഞ്ചിനെ ചൊടിപ്പിച്ചത്. “കഴിഞ്ഞദിവസം നിങ്ങൾ കേമൻമാരാകാൻ നോക്കി. ഇപ്പോൾ ഗൗരവമില്ലാതെ സംസാരിക്കുന്നു. ഇന്ന് വൈകീട്ട് 4.30-ന് മറുപടി കിട്ടണം. അല്ലെങ്കിൽ ഒരുലക്ഷംരൂപ പിഴയടയ്ക്കണം” -കോടതി ഉത്തരവിട്ടു.
വൈകീട്ട് മറുപടിയുമായി നഗരസഭയുടെ മുതിർന്ന അഭിഭാഷകനെത്തി. അതു പരിശോധിച്ച കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
അറ്റകുറ്റപ്പണിക്കുള്ള കരാർ പുതുക്കുന്നതിന് ബോർഡിന്റെ അനുമതി നൽകിയ രേഖ ഹാജരാക്കിയില്ല. പാലം അങ്ങേയറ്റം അപകടത്തിലാണെന്ന് 2021 ഡിസംബർ 29-ന് കരാറുകാരൻ നഗരസഭയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും മാർച്ച് ഏഴുമുതലാണ് അടച്ചിട്ടത്. ഇതിന്റെ കാരണം കോടതി ആരാഞ്ഞു. മാത്രമല്ല, നവീകരണം കഴിഞ്ഞ് പരിശോധനയില്ലാതെ പാലം തുറന്നതിന്റെ കാരണവും അറിയിക്കണം. കേസ് അടുത്തതവണ പരിഗണിക്കുമ്പോൾ നഗരസഭയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നേരിട്ടുഹാജരാകണമെന്നും ഉത്തരവിട്ടു.
Content Highlights: high court warns corporation for asking more time in morbi bridge collapse case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..