കെജ്‍‌രിവാളിന്റെ ‘ഭീകരബന്ധം’ അന്വേഷിക്കും -അമിത് ഷാ


മുഖ്യമന്ത്രി ചന്നിക്ക് ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

അമിത് ഷാ| Photo: PTI

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും കൈകോർക്കുന്നു. കെജ്‌രിവാളിന് ഖലിസ്താൻ വിഘടനവാദികളുമായി ബന്ധമുണ്ടെന്ന് മുൻ എ.എ.പി. നേതാവ് കുമാർ ബിശ്വാസ് ഉന്നയിച്ച ആരോപണമാണ് ഇരുവരെയും അടുപ്പിച്ചത്.

ഖലിസ്താനുമായി ഡൽഹി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചന്നി ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞദിവസം കത്തെഴുതിയിരുന്നു. ഈ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി അമിത് ഷാ ഉടൻതന്നെ ചന്നിക്ക് മറുപടിയും അയച്ചു. പഞ്ചാബിൽ ഞായറാഴ്ച തിരഞ്ഞെടുപ്പുനടക്കുന്നതിന് തൊട്ടുമുൻപാണ് കെജ്‌രിവാളിനെതിരേ ഇരുവരുടെയും സംയുക്തനീക്കം എന്നത് ശ്രദ്ധേമാണ്.

ആം ആദ്മി പാർട്ടിക്ക് നിരോധിത സംഘടനയായ എസ്.എഫ്.ജെ. പിന്തുണനൽകുന്നുണ്ടെന്നാണ് കുമാർ ബിശ്വാസിന്റെയും ചന്നിയുടെയും ആരോപണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരേ കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ചന്നിക്ക് അയച്ച മറുപടിക്കത്തിൽ അമിത് ഷാ പറഞ്ഞു. താൻ സ്വന്തം നിലയ്ക്കുതന്നെ ഇക്കാര്യം ആഴത്തിൽ പരിശോധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ഈ സൗഹൃദം കോമഡിയാണെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. ‘‘കേന്ദ്രസർക്കാർ ചന്നിയെ വിളിച്ച് ഇത്തരമൊരു കത്തയക്കാൻ ആവശ്യപ്പെട്ടതായി അറിഞ്ഞിരുന്നു. ഇനിവരുന്ന രണ്ടുദിവസങ്ങളിൽ എൻ.ഐ.എ. എനിക്കെതിരേ കേസെടുക്കും. അത്തരമൊരു നീക്കം ഞാൻ സ്വാഗതംചെയ്യുന്നു. എന്നാൽ ഈ രീതിയിലാണ് കേന്ദ്രസർക്കാർ രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതെങ്കിൽ അതേക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. എല്ലാ അഴിമതിക്കാരും ഒന്നിക്കുന്നു. എന്നോടുള്ള ഭയമാണ് അതിനുപിന്നിൽ. ഞാൻ അവരെ സംബന്ധിച്ചിടത്തോളം ഭീകരനാണ്. 100 കൊല്ലംമുൻപ് ഭഗത്‌സിങ്ങിനെ വിളിച്ചതും ഭീകരനെന്നായിരുന്നു. ഭഗത്‌സിങ്ങിന്റെ അനുയായിയായ എന്നെയും ഇന്ന് ഭീകരനെന്ന് വിളിക്കുന്നു’’ -കെജ്‌രിവാൾ പ്രസ്താവിച്ചു.

Content Highlights: Amit Shah, Aravind Kejriwal, Terror links

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..