BBC
ന്യൂഡൽഹി: ബി.ബി.സി.യുടെ ഇന്ത്യൻ ഓഫീസുകളിൽനടന്ന ആദായനികുതി റെയ്ഡ് അപ്രതീക്ഷിതമെങ്കിലും അണിയറയിൽ കരുക്കൾ നീക്കിത്തന്നെ.
ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ രൂക്ഷവിമർശനവുമായി ഇറങ്ങിയ ബി.ബി.സി.യുടെ ഡോക്യുമെന്ററി വിവാദങ്ങളിൽ നിൽക്കെയാണ് തിരച്ചിലുമായി കേന്ദ്രസർക്കാർ ഇറങ്ങിയത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.
റെയ്ഡ് സർക്കാരിന്റെ ആശീർവാദത്തോടെയാണെന്ന് ആരോപണവുമായി പ്രതിപക്ഷപ്പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. റെയ്ഡിനു പ്രകോപനമായത് ഡോക്യുമെന്ററി തന്നെയാണെന്ന ആക്ഷേപവും ഉയരുന്നു.
ആഗോളതലത്തിൽ ഉയർന്നേക്കാവുന്ന പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചുതന്നെയായിരിക്കും കേന്ദ്രസർക്കാർ റെയ്ഡിന് തീരുമാനിച്ചിട്ടുണ്ടാവുക. അത്തരം പ്രതിഷേധങ്ങളെ വകവെക്കുന്നില്ലെന്ന സന്ദേശവും റെയ്ഡിന്റെ ഉള്ളടക്കമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനുനേരെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണം നേരത്തേമുതൽ നിലവിലുണ്ട്. ബി.ബി.സി.ക്കുനേരെയും അതേ അന്വേഷണ ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.
ഇന്ത്യാവിരുദ്ധപ്രചാരണം ആരോപിച്ച് വാർത്താ വിതരണമന്ത്രാലയം ബി.ബി.സി. ഡോക്യുമെന്ററിയുടെ യുട്യൂബ് വീഡിയോകൾക്കും ട്വിറ്റർ ലിങ്കുകൾക്കും കഴിഞ്ഞമാസം വിലക്കേർപ്പെടുത്തിയിരുന്നു. രണ്ടുഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബ്രിട്ടനിൽ സംപ്രേഷണം ചെയ്തതിന്റെ നാലാംദിവസമായിരുന്നു ഇന്ത്യയിൽ വിലക്ക്. 24-ന് രണ്ടാംഭാഗവും പുറത്തിറങ്ങി.
ഇന്ത്യക്കെതിരായ കുപ്രചാരണമെന്ന് സർക്കാരും ബി.ജെ.പി.യും ആരോപിച്ചപ്പോൾ, പ്രതിപക്ഷപ്പാർട്ടികളും പൊതുപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഡോക്യുമെന്ററിക്കുവേണ്ടി വാദിച്ചു രംഗത്തെത്തി. ഓൺലൈൻ ലിങ്കുകളുടെ വിലക്ക് മറികടന്ന് പൊതുയിടങ്ങളിൽ വിവിധ സംഘടനകൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. രാജ്യത്തെ പ്രധാന സർവകലാശാലകളിലും വിദ്യാർഥിക്കൂട്ടായ്മകൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അതിനു വിലക്കിടാൻ സർക്കാർ ശ്രമിച്ചത് പ്രതിഷേധം ഇരട്ടിക്കാനും കാരണമായിരുന്നു. പാർലമെന്റിലും വിഷയമെത്തി. എന്നാൽ, പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച സർക്കാർ വിലക്കു നീക്കിയില്ല.
Content Highlights: income tax department raid, bbc offices, delhi ,mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..