ഇന്ത്യയിൽ ബി.ബി.സി.ക്കെതിരേ മുമ്പും നടപടി


1 min read
Read later
Print
Share

റെയ്ഡ് നടക്കുന്ന ബി.ബി.സിയുടെ ഡൽഹി ഓഫീസിൽ നിന്ന് | ഫോട്ടോ: AFP

ന്യൂഡൽഹി: ആദ്യമായല്ല ഇന്ത്യൻ സർക്കാരിന്റെ വിലക്കുകൾക്കും നടപടികൾക്കും ബി.ബി.സി. വിധേയമാകുന്നത്.

1970-കളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ടുവർഷത്തേക്കാണ് ബി.ബി.സി.യെ ഇന്ത്യയിൽ നിരോധിച്ചത്. പ്രമുഖ ഫ്രഞ്ച് സംവിധായകൻ ലൂയി മാലിന്റെ ‘യു.കെ. പ്രെമിയർ ഓഫ് കൊൽക്കത്ത’ എന്ന ഡോക്യുമെന്ററി ബി.ബി.സി. സംപ്രേഷണംചെയ്തതിനുപിന്നാലെയായിരുന്നു വിലക്ക്. 1968-നും 1969-നും ഇടയിൽ കൊൽക്കത്തയിലും പരിസരത്തുമായി ചിത്രീകരിച്ച ഈ ഡോക്യുമെന്ററിയിൽ ഇന്ത്യയിലെ തൊഴിലാളിവർഗത്തെ ദരിദ്രരായാണ് അവതരിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യയിലെ ജനത കൊടുംദാരിദ്ര്യത്തിലാണെന്ന തരത്തിൽ ആരോപണങ്ങളും വിമർശനങ്ങളുമുയർന്നതോടെ ഇന്ത്യൻ ഹൈക്കമ്മിഷനിലും തുടർന്ന് യു.കെ.ഫോറിൻ ഓഫീസിലും പരാതികളെത്തി.

ഡോക്യുമെന്ററി പരമ്പര പിൻവലിക്കാൻ ഹൈക്കമ്മിഷൻ ബി.ബി.സി.യോട് ആവശ്യപ്പെട്ടു. എന്നാൽ, ബി.ബി.സി. വഴങ്ങിയില്ല. ഇതോടെയാണ് 1970 ഓഗസ്റ്റ് 29-ന് ബി.ബി.സി.ക്ക് ഇന്ത്യയിൽ വിലക്ക് വീണത്. അടുത്ത 15 ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ ബി.ബി.സി. ഓഫീസ് അടയ്ക്കണമെന്ന് ന്യൂഡൽഹിയിലെ ബി.ബി.സി. ബ്യൂറോ ചീഫ് മാക് ടലീക്കും ലേഖകൻ റോണി റോബ്സണിനും നിർദേശവും നൽകി. നിരോധനം രണ്ടുവർഷത്തോളം തുടർന്നു.

വിലക്ക് പിൻവലിച്ചശേഷം അടിയന്തരാവസ്ഥക്കാലത്തും ബി.ബി.സി.യുടെ മാധ്യമപ്രവർത്തനത്തിനെതിരേ രൂക്ഷവിമർശമുയർന്നിരുന്നു. ‘ഇന്ത്യാവിരുദ്ധകഥകൾ പ്രചരിപ്പിക്കുന്ന’ ബി.ബി.സി.യെ നിരോധിക്കണമെന്നാവശ്യപ്പെട്ട് 41 കോൺഗ്രസ് എം.പി.മാർ ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. 1961-ലെ ഗോവാവിമോചന സമരകാലത്ത് എഴുത്തുകാരൻ ഡോം മൊറേസ് തന്റെ ഇന്ത്യൻ പാസ്പോർട്ട് കത്തിച്ചത് ബി.ബി.സി. പ്രക്ഷേപണം ചെയ്തത് ഏറെ വിവാദത്തിനിടയാക്കി. 1965-ലെ ഇന്ത്യ-പാക് യുദ്ധം, 1969-ലെ അഹമ്മദാബാദ് കലാപം തുടങ്ങിയ വിഷയങ്ങളിൽ ബി.ബി.സി. സ്വീകരിച്ച നിലാടുകൾക്കുനേരെയും വിമർശനങ്ങളുയർന്നിരുന്നു. 2012-ലെ നിർഭയ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് 2015-ൽ പുറത്തിറങ്ങിയ ‘ഇന്ത്യാസ് ഡോട്ടർ’ ഡോക്യുമെന്ററിയും വിവാദത്തിനിടയാക്കി.

Content Highlights: income tax raid in bbc offices

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..