പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് സ്പര്‍ശനവും കരുതലുമാണ് ആവശ്യമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ഇന്‍ക്യുബേറ്റര്‍ മാര്‍ഗരേഖ പുതുക്കി. 37 ആഴ്ച തികയുംമുമ്പ് ജനിക്കുന്ന രണ്ടരക്കിലോഗ്രാമില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളില്‍ സൂക്ഷിക്കുന്നതിനുപകരം അമ്മയുടെയോ അച്ഛന്റെയോ നെഞ്ചിലെ ചൂടുനൽകുന്നതാണ് (കാങ്ക്‌രൂ കെയര്‍) ഉത്തമമെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.
മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് കൊഴുപ്പ് കുറവായതിനാല്‍ ശരീരതാപം നിയന്ത്രിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകും. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയറിലൂടെ കുഞ്ഞിനു ചൂടുലഭിക്കുകയും സ്വാഭാവിക വളര്‍ച്ചയുണ്ടാവുകയും ചെയ്യുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. പ്രായോഗികവും ചെലവ് കുറഞ്ഞതുമായ ഇത്തരം പരിരക്ഷയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായ ഭാവിജീവിതം പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നെഞ്ചിലെ ചൂടേറ്റുറക്കം
അമ്മയുടെയോ അച്ഛന്റെയോ നഗ്നമായ നെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുവെച്ചു പൊതിയുന്ന രീതിയാണ് കാങ്ക്‌രൂ കെയര്‍. കൊളംബിയയിലെ ബൊഗോത്തയില്‍ 1970-കളിലാണ് ഈ രീതി ആദ്യം തുടങ്ങിയത്. ഇതിലൂടെ:
-കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികനിലയിലാകും.
-ശ്വസനരീതി മെച്ചപ്പെടും. അതുവഴി ശരീരത്തില്‍ ഓക്സിജന്റെ അളവ് മെച്ചപ്പെടും
-ഉറക്കത്തിന്റെ സമയം വര്‍ധിക്കും
-ശരീരഭാരം വേഗം കൂടും
-കൂടുതൽ പാലുകുടിക്കും
-അസ്വസ്ഥതകാരണമുണ്ടാകുന്ന കരച്ചില്‍ കുറയും
വർഷംതോറും മരിക്കുന്നത് 10 ലക്ഷം കുഞ്ഞുങ്ങള്‍
മാസംതികയാതെയുള്ള പ്രസവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ലോകത്ത് പ്രതിവര്‍ഷം ഒന്നരക്കോടി കുഞ്ഞുങ്ങള്‍ മാസംതികയാതെ ജനിക്കുന്നു. ആകെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പത്തിലൊരാൾ എന്നാണ് തോത്. ഇതില്‍ 10 ലക്ഷംപേര്‍ ജനനത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അഞ്ചു വയസ്സിനുമുമ്പ് മരിക്കുന്നു. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ പലര്‍ക്കും പഠന, കാഴ്ച, കേള്‍വി വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ സാധാരണ ഏഴുദിവസംമുതല്‍ 14 ദിവസം വരെ ഇന്‍ക്യുബേറ്റര്‍ അല്ലെങ്കില്‍ വാമറില്‍ വെക്കുകയാണ് പതിവ്. ഒപ്പം കാങ്ക്‌രൂ കെയറും ലഭ്യമാക്കുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ കാങ്ക്‌രൂ കെയറിന് കുഞ്ഞിന്റെ അമ്മയും അച്ഛനും ഭാഗമാകാറുണ്ട്.
ഡോ. റിയാസ്, ശിശുരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍,
എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം
Content Highlights: incubator guidelines renewed by who


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..