ഹിമാചലിൽ ബി.ജെ.പി.ക്ക് വിമതർ കൊടുത്തത് ‘എട്ടിന്റെ പണി’


വിമതർ മത്സരിച്ച എട്ടു സീറ്റിൽ ബി.ജെ.പി. തോറ്റു

photo : ani

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ ഭരണത്തുടർച്ച ആഗ്രഹിച്ച ബി.ജെ.പി.ക്ക് പാർട്ടിയിലെ വിമതർ നൽകിയത് ‘എട്ടിന്റെ പണി’.പാർട്ടി സീറ്റ് നീഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രരായി മത്സരിച്ച വിമതർ എട്ടിടത്താണ് ബി.ജെ.പി.യെ തോൽപ്പിച്ചത്. സംസ്ഥാനത്തെ 68-ൽ 40 സീറ്റുമായി അധികാരമേറാൻപോകുന്ന കോൺഗ്രസിന്റെ വിജയത്തിൽ ബി.ജെ.പി. വിമതർ നിർണായക പങ്കുവഹിച്ചെന്ന് കണക്കുകളിൽ വ്യക്തം. വിമതരില്ലായിരുന്നെങ്കിൽ ബി.ജെ.പി.ക്ക് 33 സീറ്റുകൾ ലഭിക്കുമായിരുന്നെന്നുകാണാം. ഇപ്പോൾ ബി.ജെ.പി. നേടിയത് 25 സീറ്റുകളാണ്. ജയിച്ച മൂന്ന് സ്വതന്ത്രരിൽ രണ്ടുപേർ ബി.ജെ.പി. വിമതരാണെന്നതും ശ്രദ്ധേയം. ഈ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി. മൂന്നാംസ്ഥാനത്തുപോയി.

ബി.ജെ.പി.യുടെ മുൻ എം.എൽ.എ. കെ.എൽ. ഠാക്കൂർ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അദ്ദേഹത്തിന് 33,427 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർഥി 17,273 വോട്ടുമായി മൂന്നാംസ്ഥാനത്തേക്കുപോയി. 2012-ൽ ബി.ജെ.പി. ടിക്കറ്റിൽ ജയിച്ച ഠാക്കൂർ 2017-ൽ തോറ്റിരുന്നു. ഇത്തവണ സീറ്റ് നിഷേധിച്ചതാണ് വിമതനാവാൻ കാരണം. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബി.ജെ.പി. വിട്ട് സ്വതന്ത്രനായി ദേഹ്രയിൽ മത്സരിച്ച ഹോഷ്യാർ സിങ്ങും ജയിച്ചു. അദ്ദേഹം 22,997 വോട്ട് നേടിയപ്പോൾ ബി.ജെ.പി.യുടെ രമേഷ് ചന്ദ് 16,730 വോട്ടുമായി മൂന്നാംസ്ഥാനത്തുപോയി. ധർമശാലയിൽ ബി.ജെ.പി. വിമതൻ വിപൻ കുമാർ നേഹ്രിയ സ്വതന്ത്രനായി മത്സരിച്ച് നേടിയ 7416 വോട്ടാണ് കോൺഗ്രസിന്റെ സുധീർ ശർമയെ (27,323) ജയിപ്പിച്ചതെന്ന് പറയാം. ബി.ജെ.പി.യുടെ രാകേഷ് കുമാറിന് 24,038 വോട്ടാണ് ലഭിച്ചത്. കിന്നോറിൽ കോൺഗ്രസിന്റെ ജഗത് സിങ് നേഗി (20,696) ബി.ജെ.പി.യുടെ സൂറത് നേഗിയെ (13,732) തോൽപ്പിച്ചതിനു പിന്നിലും ബി.ജെ.പി. വിമതനായ തേജ്വന്ത് സിങ് നേഗിയാണ്. തേജ്വന്ത് സിങ് നേഗി 8574 വോട്ട് നേടി. തിയോഗിൽ ബി.ജെ.പി. സീറ്റ് നിഷേധിച്ച ഇന്ദു വർമ നേടിയ 13,848 വോട്ട് കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡിനെ (19,447) ജയിപ്പിച്ചു. ബി.ജെ.പി. സ്ഥാനാർഥി ഇവിടെ 14,178 വോട്ടുമായി മൂന്നാംസ്ഥാനത്തായി. സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ. രാകേഷ് സിംഘ 12,210 വോട്ടുമായി നാലാംസ്ഥാനത്തേക്കുപോയി. കുള്ളുവിലെ ബി.ജെ.പി. വിമതൻ രാം സിങ്ങിന് 11,937 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർഥി നരോത്തം സിങ് (26,183) തോറ്റു. കോൺഗ്രസിന്റെ സുരേന്ദർ സിങ് ഠാക്കൂറാണ് ജയിച്ചത്. ഇവിടെയും കോൺഗ്രസിന് തുണയായത് ബി.ജെ.പി. വിമതനാണ്. ഇൻഡോറയിൽ ബി.ജെപി. വിമതൻ മനോഹർ ലാൽ പിടിച്ച 4442 വോട്ടാണ് ഔദ്യോഗിക സ്ഥാനാർഥി റീത്ത ദേവിയെ (28,547) തോൽപ്പിച്ചത്. കോൺഗ്രസിന്റെ മലേന്ദർ രാജൻ 30,797 വോട്ടുമായാണ് ജയിച്ചത്. ഫത്തേപുരിൽ ബി.ജെ.പി.യുടെ മുൻ എം.പി. കൃപാൽ സിങ് പാർമർ വിമതനായി സ്വതന്ത്രനായി മത്സരിച്ചു. ഇവിടെ കോൺഗ്രസിന്റെ ഭവാനി സിങ് പഠാനിയ (33,238) ബി.ജെ.പി.യുടെ രാകേഷ് പഠാനിയയെ (25,884) തോൽപ്പിച്ചു. പാർമറിന് 2811 വോട്ട് കിട്ടി. അണ്ണി എം.എൽ.എ. ആയിരുന്ന കിഷോരിലാൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് വിമതനായെങ്കിലും അവിടെ ബി.ജെ.പി. സ്ഥാനാർഥി ലോകേന്ദർ കുമാർ (24,133) ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് 14,224 വോട്ടാണ് കിട്ടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..