പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായ അഞ്ചുവർഷത്തിനിടെ ഏജൻസി പിടിച്ചെടുത്തത് 1.20 ലക്ഷം കോടിയുടെ ആസ്തി. കുറ്റകൃത്യത്തിലേർപ്പെട്ടവരുടെ പൊതുമേഖലാ ബാങ്കുകളിലുള്ള 15.11 ലക്ഷം കോടിയുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു.
2016 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31 വരെ നടത്തിയ 2741 പരിശോധനകളിലൂടെയാണ് ഇത്രയും സ്വത്തുക്കൾ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃതമായി വിദേശധനം സ്വീകരിക്കൽ എന്നിങ്ങനെ കുറ്റം ചെയ്തവരിൽനിന്നാണിതെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണനിയമം ലംഘിച്ച സംഭവങ്ങളിൽ 2044-ഉം വിദേശ സഹായധന ചട്ടലംഘനത്തിൽ 697-ഉം പരിശോധനകളാണ് നടന്നത്.
കള്ളപ്പണം വെളുപ്പിച്ചവരുടെ 76,877 കോടിയുടേയും വിദേശസഹായം അനധികൃതമായി വാങ്ങിയവരുടെ 42,003 കോടിയുടെയും ആസ്തി ജപ്തി ചെയ്തു. പുറമേ, ഈവർഷം മാർച്ച് 15 വരെ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം 426.26 കോടിയുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 427.65 കോടിയുടെയും സ്വത്തുക്കൾ പിടിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ എർപ്പെടുന്നവരുണ്ടാക്കുന്ന നഷ്ടത്തിന് തുല്യമായ ആസ്തികളാണ് പിടിച്ചെടുക്കുന്നതെന്ന് ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..