ന്യൂഡൽഹി: ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ മുൻ കായികമന്ത്രിയുടെ വീട്ടിലടക്കം 16 സ്ഥലങ്ങളിൽ സി.ബി.ഐ. പരിശോധന. കോൺഗ്രസ് നേതാവ് ബന്ധു തിർക്കെയുടെ വീട്ടിലാണ് പരിശോധന നടന്നത്. 2011-ൽ റാഞ്ചിയിൽ നടന്ന 34-ാമത് ദേശീയ ഗെയിംസിന്റെ നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനകൾ.
ദേശീയ ഗെയിംസ് സംഘാടകസമിതിയുടെ പ്രധാനഭാരവാഹികളായ ആർ.കെ. ആനന്ദ്, പി.സി. മിശ്ര, മധുകാന്ത് പഥക്ക്, എച്ച്.എം. ഹാഷ്മി എന്നിവരുടെ സ്ഥലങ്ങളിലും പരിശോധന നടന്നു. ഝാർഖണ്ഡിനുപുറമെ ഡൽഹിലും ബിഹാറിലും ഒരേസമയം തിരച്ചിൽ നടന്നു. വിവിധ രേഖകൾ പിടിച്ചെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ബി.ഐ. അറിയിച്ചു. ഝാർഖണ്ഡ് പോലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിയാണ് സി.ബി.ഐ.ക്ക് കൈമാറിയത്.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ സ്വത്തുവിവരങ്ങൾ തെറ്റായി സമർപ്പിച്ചതിന് ബന്ധു തിർക്കെയ്ക്ക് ഫെബ്രുവരിയിൽ എം.എൽ.എ.സ്ഥാനം നഷ്ടമായിരുന്നു. ഝാർഖണ്ഡ് വികാസ് മോർച്ച നേതാവായിരുന്ന അദ്ദേഹം പാർട്ടി ബി.ജെ.പി.ക്കൊപ്പം ചേർന്നതോടെ 2019-ലാണ് കോൺഗ്രസിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..