കേന്ദ്രത്തിന്റെ ഉത്തരവ് സ്വീകരിക്കുന്നതിലേക്ക് ഇ.ഡി. ചുരുങ്ങിയെന്ന് കോൺഗ്രസ്


വൈദ്യുതപദ്ധതിയിൽ മോദി ഇടപെട്ടത് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?

പ്രതീകാത്മകചിത്രം| Photo: PTI

ന്യൂഡൽഹി: മോദി സർക്കാരിന്റെ നിർബന്ധിത ഉത്തരവുകൾ സ്വീകരിക്കുന്നതിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചുരുങ്ങിയെന്ന് കോൺഗ്രസ്. ബി.ജെ.പി. സർക്കാരിന്റെ എട്ടുവർഷത്തെ കഴിവുകേട് മറച്ചുവെക്കാൻ ഇ.ഡി.യെ ഉപയോഗിച്ച് വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റുകയാെണന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ കൈയിലെ കരുക്കളായി ഏജൻസികളെല്ലാം ചുരുങ്ങിയെന്നും രാഹുൽ ഗാന്ധിയുടെ സത്‌പേര് കളങ്കപ്പെടുത്താനാണ് നാഷണൽ ഹെറാൾഡ് കേസിൽ അദ്ദേഹത്തെ ചോദ്യംചെയ്തതെന്നും വക്താവ് ആരോപിച്ചു. ശ്രീലങ്കയിലെ വൈദ്യുതപദ്ധതി അദാനി ഗ്രൂപ്പിന് നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മർദംചെലുത്തിയതും അദാനി-എസ്.ബി.ഐ. ബന്ധവും എന്തുകൊണ്ടാണ് ഇ.ഡി. അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ശ്രീലങ്കൻ സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ പാർലമെന്ററി സമിതിക്കുമുമ്പാകെ വെളിപ്പെടുത്തിയത് അദാനി ഗ്രൂപ്പിന് കാറ്റാടി വൈദ്യുതപദ്ധതി നൽകാൻ മോദി, ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയിൽ സമ്മർദം ചെലുത്തി എന്നാണ്. ഇത്തരം ആരോപണങ്ങൾ ഉയരുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യത്തേതും ഒറ്റപ്പെട്ടതുമാണ്. എന്തിനാണ് പ്രധാനമന്ത്രി സ്വകാര്യവ്യക്തിക്ക് അനാവശ്യ ആനുകൂല്യം നൽകാൻ ആഗ്രഹിച്ചത്. സ്വകാര്യ വ്യക്തിയുടെ സെയിൽസ് ഏജന്റായി പ്രവർത്തിച്ച് രാജ്യത്തെ നാണംകെടുത്തിയത്. 2014-ൽ മോദി അധികാരത്തിൽ വന്നയുടനാണ് അദാനി ഗ്രൂപ്പിന് ധനസഹായം നൽകാൻ എസ്.ബി.ഐ. 7825 കോടിയുടെ കരാർ ഉണ്ടാക്കിയത്. പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങി. 2020-ൽ വീണ്ടും 5000 കോടി രൂപയുടെ ഇടപാട് വെളിച്ചത്തായി. ഇതെല്ലാം എന്തുകൊണ്ടാണ് ഇ.ഡി. അന്വേഷിക്കാത്തത് -വല്ലഭ് ചോദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..