നഷ്ടപരിഹാരത്തിൽ തീരുമാനമാവാതെ ജി.എസ്.ടി. കൗൺസിൽ യോഗം


അരുണ്‍ സാബു

അടുത്തയോഗം ഓഗസ്റ്റിൽ മധുരയിൽ

Photo: ANI

ന്യൂഡൽഹി: നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിനുമേൽ തീരുമാനമെടുക്കാതെ രണ്ടുദിവസത്തെ ജി.എസ്.ടി. കൗൺസിൽ യോഗം ചണ്ഡീഗഢിൽ അവസാനിച്ചു. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അധ്യക്ഷതവഹിച്ചു.

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയിലുൾപ്പെടുന്നതോ ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങളോ ചർച്ചചെയ്തില്ല. 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്കും ജനുവരി ഒന്നുമുതൽ സംസ്ഥാനത്തിനകത്ത് ജി.എസ്.ടി. നമ്പർ ഇല്ലാതെതന്നെ ഓൺലൈൻ വ്യാപാരം നടത്താം. ജി.എസ്.ടി. അപ്പീൽ ട്രിബ്യൂണൽ സംബന്ധിച്ചും കേന്ദ്ര ജി.എസ്.ടി. നിയമത്തിലെ ഭേദഗതികളെക്കുറിച്ചുമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകൾ ചർച്ചചെയ്യാൻ മന്ത്രിതലസമിതി രൂപവത്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അടുത്തയോഗം ഓഗസ്റ്റ് ആദ്യം തമിഴ്‌നാട്ടിലെ മധുരയിൽ ചേരും. തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ ക്ഷണപ്രകാരമാണ് തീരുമാനമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. യോഗത്തിൽ തീരുമാനിച്ച പുതിയ നികുതിനിരക്കുകൾ ജൂലായ് 18-ന് പ്രാബല്യത്തിൽവരും.

ജി.എസ്.ടി. നഷ്ടപരിഹാരം നൽകുന്നത് തുടരണമെന്ന് കേരളമടക്കം പത്തിലേറെ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നീട്ടണമെന്ന നിർദേശമാണ് കേരളം മുന്നോട്ടുവെച്ചത്. 16 സംസ്ഥാനങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ചില സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നിർത്താമെന്ന് നിർദേശിച്ചു. വിശദചർച്ചകൾക്കുശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂ.

2017 ജൂലായ് ഒന്നിനാണ് രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയത്. പുതിയ നികുതി വരുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാനാണ് അഞ്ചുവർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥചെയ്തിരുന്നത്. അതിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും.

കേരളം നിവേദനം നൽകി

ജി.എസ്.ടി. നഷ്ടപരിഹാരം സംബന്ധിച്ച ആവശ്യങ്ങളുന്നയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി. നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കുകൂടി നീട്ടുക, ജി.എസ്.ടി. വിഹിതം സംസ്ഥാനങ്ങൾക്ക് 60 ശതമാനം കേന്ദ്രത്തിന് 40 ശതമാനം എന്ന അനുപാതത്തിലേക്ക് മാറ്റുക, ഉയർന്ന നിരക്കിലുള്ള കേന്ദ്ര സർചാർജുകളും സെസും കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..