രാഷ്ട്രീയനീക്കങ്ങളെ പിന്തുണയ്ക്കാൻ കോടതിക്ക് ബാധ്യതയില്ല -ചീഫ് ജസ്റ്റിസ്


Photo: ANI

ന്യൂഡൽഹി: രാഷ്ട്രീയ നീക്കങ്ങളെ കോടതികൾ പിന്തുണയ്ക്കണമെന്നാണ് ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾ തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യ-അമേരിക്ക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതികൾ ഉത്തരം പറയേണ്ടത് ഭരണഘടനയോടു മാത്രമാണെന്നും ഭരണഘടനാ സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓരോ സ്ഥാപനത്തിനും ഭരണഘടന അനുശാസിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലും ആളുകൾ മനസ്സിലാക്കുന്നില്ലെന്നത് ഖേദകരമാണ്. എല്ലാ സർക്കാർനടപടികൾക്കും ജുഡീഷ്യൽ അംഗീകാരത്തിന് അർഹതയുണ്ടെന്ന് അധികാരത്തിലുള്ള പാർട്ടി കരുതുന്നു. പ്രതിപക്ഷം പ്രതീക്ഷിക്കുന്നത് അവരുടെ രാഷ്ട്രീയനിലപാടുകളെ കോടതികൾ അനുകൂലിക്കുമെന്നാണ്. ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മനസ്സിലാക്കാത്തതിൽനിന്നാണ് അത്തരം ചിന്തകളുണ്ടാകുന്നത്.

സഹിഷ്ണുതയുടെയും ഉൾക്കൊള്ളലിന്റെയും സന്ദേശം പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അമേരിക്കൻ സമൂഹത്തിന്റെ അസഹിഷ്ണുതയുടെയും ഉൾച്ചേരലിന്റെയും സ്വഭാവമാണ് ലോകമെമ്പാടുമുള്ളവരെ ആകർഷിക്കുന്നത്. ഉൾക്കൊള്ളലിന്റെ ആശയം സാർവലൗകികമാണ്. അതിന് ഇന്ത്യയിലുൾപ്പെടെ എല്ലായിടത്തും ആ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടിൽ ആളുകൾ ഇടുങ്ങിയതും വിഭാഗീയവുമായ വിഷയങ്ങൾക്കു മുകളിലേക്കുയരണം. വിദ്വേഷത്തിൽനിന്നും സംഘർഷങ്ങളിൽനിന്നും മോചിതമായി ഇന്ത്യ സമാധാനസമൂഹമായി മാറണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..