ഇംഫാൽ: മണിപ്പുരിലെ നോന ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. ഇവരിൽ 20 പേരും ടെറിട്ടോറിയൽ ആർമി ജവാന്മാരാണ്. കാണാതായ 34 പേർക്കായി തിരച്ചിൽ തുടരുന്നു.
വ്യാഴാഴ്ച പുലർച്ചെ തുപുലിൽ റെയിൽവേ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന യാർഡിലാണ് ദുരന്തം. ടെറിട്ടോറിയൽ ആർമി ക്യാമ്പും ഇവിടെയായിരുന്നു. 18 പേരെ മാത്രമേ രക്ഷപ്പെടുത്താനായിട്ടുള്ളൂ. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞു. പ്രതികൂലകാലാവസ്ഥ തുടരുന്നതിനാൽ പ്രദേശം ഇപ്പോഴും അപകടഭീതിയിലാണ്.
ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് ലജായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ ജവവാസമേഖലകൾക്ക് ഭീഷണിയുയർത്തുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് നദിയിലെ അവശിഷ്ടങ്ങൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രത്യേകം പരിശീലനം ലഭിച്ച തിരച്ചിൽ നായകളെയും റഡാർ ഉൾപ്പെടെയുള്ള അധുനിക സംവിധാനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മരിച്ച സൈനികരിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറുടേത് ഉൾപ്പെടെ 14 മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിൽ അവരുടെ നാടുകളിലേക്ക് കൊണ്ടുപോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..