ഹിജാബ് കേസിൽ വിധിപറഞ്ഞ ജസ്റ്റിസ് ഋതുരാജ് അവാസ്തി വിരമിച്ചു


ബെംഗളൂരു: ഹിജാബ് കേസിൽ നിർണായക വിധിപറഞ്ഞ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി വിരമിച്ചു. ക്ലാസ്‌മുറിയിൽ ഹിജാബ് വിലക്ക് ശരിവെച്ചുള്ള വിധി പുറപ്പെടുവിച്ചത് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള ഹൈക്കോടതിയുടെ വിശാലബെഞ്ചായിരുന്നു.

ഹിജാബ് വിലക്കിനെതിരേ വൻ പ്രതിഷേധമുയരുന്നതിനിടെയാണ് വിശാലബെഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന വാദം കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തത്.

ഉഡുപ്പി ഗവ. പി.യു. കോളേജിലെയും കുന്ദാപുര ഭണ്ഡാർക്കർ കോളേജിലെയും ഒമ്പത് വിദ്യാർഥിനികൾ നൽകിയ ഹർജിയിലായിരുന്നു മാർച്ച് 15-ന് തീർപ്പുകൽപ്പിച്ചത്.

മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്നായിരുന്നു വിശാലെബഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.

വിധിവന്നതോടെ ഹിജാബിന്റെ പേരിൽ രണ്ടരമാസത്തോളം നീണ്ടുനിന്ന വിവാദങ്ങൾക്കാണ് താത്‌കാലിക വിരാമമായത്. വിധിയെ ചോദ്യംചെയ്ത്‌ വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

2021 ഒക്ടോബർ 11-നാണ് ജസ്റ്റിസ് ഋതുരാജ് അവാസ്തി കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ അഭിഭാഷകനായിരുന്ന അദ്ദേഹം ന്യായാധിപനാകുന്നതിനുമുമ്പ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും പ്രവർത്തിച്ചു. 2009-ൽ അലഹബാദ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2010-ൽ സ്ഥിരം ജഡ്ജിയായി നിയമിതനായി.

ചൊവ്വാഴ്ച വിരമിച്ച അദ്ദേഹത്തിന് ഹൈക്കോടതിയും കർണാടക ബാർ കൗൺസിലും യാത്രയയപ്പുനൽകി. അദ്ദേഹത്തിന്റെ ഒഴിവിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആലോക് അരാധെ നിയമിതനായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..