മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ്റാവു കോലെ കൊല്ലപ്പെട്ട കേസിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങി. സംഭവത്തിൽ മുഖ്യപ്രതി ഇർഫാൻ ഖാൻ (32) അടക്കമുള്ള പ്രതികൾ പിടിയിലായതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. യു.എ.പി.എ. ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരേ ചുമത്തി.
അമരാവതിയിൽ ജൂൺ 21-ന് നടന്നത് ഐ.എസ്. മോഡൽ കൊലപാതകമാണെന്നും ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവർത്തനമാണെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ബി.ജെ.പി. വക്താവായിരുന്ന നൂപുർ ശർമയുടെ വിവാദ പരാമർശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകൾ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്റാവു കോലെ (54) വാട്സാപ്പിൽ പങ്കുവെച്ചിരുന്നതായി മഹാരാഷ്ട്ര പോലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ മുദ്ദ്സിർ അഹമ്മദ് (22), ഷാറൂഖ് പഠാൻ (25), അബ്ദുൽ തൗഫീഖ് (24) ഷുഐബ് ഖാൻ (22), അതീബ് റാഷിദ് (22) എന്നിവർ നേരത്തേതന്നെ അറസ്റ്റിലായിരുന്നു. ഇവരെ നിയോഗിച്ചത് ഇർഫാൻ ഖാൻ ആണെന്ന് അമരാവതി പോലീസ് കമ്മിഷണർ ഡോ. ആരതി സിങ് പറഞ്ഞു. ഇയാൾ സന്നദ്ധസംഘടന നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..