നിയന്ത്രണങ്ങൾക്ക് ഇളവ്, ഉദയ്‌പുർ സാധാരണ നിലയിലേക്ക്


ഉദയ്‌പുർ‌\ജയ്‌പുർ: രാജസ്ഥാനിലെ ഉദയ്‌പുരിൽ തയ്യൽ കടയുടമയെ കഴുത്തറത്ത് കൊന്നതിനെത്തുടർന്ന് ദിവസങ്ങളായി നിലനിൽക്കുന്ന അശാന്തി മാറുന്നു. പ്രദേശത്ത് ഏർപ്പെടുത്തിയ കർഫ്യൂവിന് ഞായറാഴ്ച പത്തുമണിക്കൂർ ഇളവ് നൽകി. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ കടകമ്പോളങ്ങൾ തുറന്നു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിച്ചിട്ടില്ല.

കൊലപാതകികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ജയ്പുരിൽ സർവഹിന്ദു സമാജിന്റെ നേതൃത്വത്തിൽ ആഹ്വാനംചെയ്ത ബന്ദ് സമാധാനപരമായിരുന്നു. അജ്മേറിലെ മാർക്കറ്റുകൾ അടഞ്ഞുകിടന്നു. പ്രകടനത്തിൽ ആയിരങ്ങൾ അണിചേർന്നു. ബി.ജെ.പി. മുൻ സംസ്ഥാനാധ്യക്ഷൻ അരുൺ ചതുർവേദി, മുൻ എം.എൽ.എ. മോഹൻലാൽ ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, അക്രമസംഭവങ്ങൾ വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായതായി മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. അടുത്ത രണ്ടുമാസത്തേക്ക് നടത്തിയ ഹോട്ടൽ ബുക്കിങ്ങുകൾ പകുതിയിലേറെയും റദ്ദായി. ജഗദീഷ് ചൗക്ക്, ഹാത്തി പോൾ പ്രദേശങ്ങൾ, കൊലപാതകം നടന്ന മാൽദാസ് സ്ട്രീറ്റ് എന്നിവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

പ്രവാചകനെതിരേ വിവാദപരാമർശം നടത്തിയ ബി.ജെ.പി. മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സാമൂഹികമാധ്യമത്തിൽ പ്രതികരിച്ചതിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തയ്യൽക്കാരനായ കനയ്യകുമാറിനെ രണ്ടുപേർ കഴുത്തറത്ത് കൊലപ്പെടുത്തിയത്.

പ്രതികളുടെ പാക് ബന്ധം അന്വേഷിക്കുന്നു

: കേസിൽ അറസ്റ്റിലായ പ്രതികളുടെ പാകിസ്താൻ ബന്ധം സ്ഥിരീകരിക്കാൻ ഇവർ ഉപയോഗിച്ച ഫോണുകളുടെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡ്സ് (ഐ.പി.ഡി.ആർ) പരിശോധിക്കുമെന്ന് ദേശീയന്വേഷണ ഏജൻസി അറിയിച്ചു. പാകിസ്താനിലെ കറാച്ചി ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്‌ലാമി മതഗ്രൂപ്പ് സംഭവത്തിൽ ഇടപെട്ടതായാണ് സംശയിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..