ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പിന്തുണതേടി രാഹുൽഗാന്ധി എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്ന് കോൺഗ്രസ്. മറിച്ചുള്ള പ്രചാരണം തള്ളി പാർട്ടി കമ്യൂണിക്കേഷൻസ് വിഭാഗം പ്രസ്താവന പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയമാധ്യമത്തിൽ വന്ന വാർത്ത കെട്ടുകഥയാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പ്രസ്താവനയിൽ അറിയിച്ചു.
എ.ഐ.എ.ഡി.എം.കെ. നേതാവും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഫോണിൽവിളിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഇതേച്ചൊല്ലി ഡി.എം.കെ. നേതൃത്വം അതൃപ്തിയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ഡി.എം.കെ.യും കോൺഗ്രസും നല്ല ബന്ധത്തിലാണെന്ന് ജയ്റാം രമേഷ് പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കി മുന്നണിബന്ധം ദുർബലപ്പെടുത്താൻ നീക്കം നടക്കുന്നതായും ജയ്റാം രമേഷ് ആരോപിച്ചു.
ദേശീയതലത്തിൽ യു.പി.എ. സഖ്യത്തിലാണ് കോൺഗ്രസും ഡി.എം.കെ.യും. പ്രതിപക്ഷസ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ച ചർച്ചകളിലെല്ലാം കോൺഗ്രസിനൊപ്പം ഡി.എം.കെ.യും പങ്കെടുത്തിരുന്നു. അതേസമയം, എ.ഐ.എ.ഡി.എം.കെ.യാകട്ടെ എൻ.ഡി.എ. സ്ഥാനാർഥി ദ്രൗപതി മുർമുവിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..