ജമ്മു: ജമ്മുകശ്മീരിലെ രജൗരിയിൽ അടുത്തിടെയുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരൻ ഉൾപ്പെടെ രണ്ട് ലഷ്കറെ തൊയ്ബ ഭീകരരെ ഗ്രാമീണർ പിടികൂടി പോലീസിലേൽപ്പിച്ചു. റിയാസി ജില്ലയിലെ തുക്സാൻ ധോക്ക് ഗ്രാമത്തിൽനിന്നാണ് ലഷ്കറെ കമാൻഡർ താലിബ് ഹുസൈൻ, ഭീകരൻ ഫൈസൽ അഹമ്മദ് ദർ എന്നിവരെ പിടികൂടിയത്.
താലിബ് ഹുസൈൻ ബി.ജെ.പി.യുടെ സജീവപ്രവർത്തകനായിരുന്നുവെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ ജമ്മു പ്രവിശ്യയിലെ ന്യൂനപക്ഷമോർച്ചയുടെ സോഷ്യൽമീഡിയ ഇൻചാർജ് ആയിരുന്നുവെന്ന് പറയപ്പെടുന്നു. പുൽവാമ സ്വദേശിയാണ് ഫൈസൽ അഹമ്മദ് ദർ.
രജൗരി സ്വദേശിയായ താലിബ് ഹുസൈൻ ഒട്ടേറെ കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. ഇയാളെ പിടിച്ചുകൊടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. ഇവരിൽനിന്ന് രണ്ട് എ.കെ. 47 റൈഫിളും ഏഴ് ഗ്രനേഡും ഒരു തോക്കും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഭീകരരെ പിടികൂടിയ ഗ്രാമീണർക്ക് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ചുലക്ഷം രൂപയും ഡി.ജി.പി. രണ്ടുലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.
താലിബ് ഹുസൈൻ 18 ദിവസത്തോളമേ പാർട്ടിയിൽ ഉണ്ടായിരുന്നുള്ളൂവെന്ന് ബി.ജെ.പി. വൃത്തങ്ങൾ പറഞ്ഞു. ഇക്കഴിഞ്ഞ മേയ് 22-ന് അയാൾ പാർട്ടിയിൽനിന്ന് രാജിവെച്ചു. പരിശോധനയില്ലാതെ ഓൺലൈൻവഴി ആളുകളെ പാർട്ടിയിൽ ചേരാൻ അനുവദിക്കുന്നതുകൊണ്ടാണ് ഇത്തരം വീഴ്ചകൾ സംഭവിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..