ക്യാമ്പുകളിെല വെടിവെപ്പ്: സേനാംഗങ്ങളുടെ മനോനില പരിശോധിക്കണമെന്ന് വിദഗ്ധർ


കൊൽക്കത്ത: വിവിധ സേനാവിഭാഗങ്ങളിൽ ജോലിചെയ്യുന്നവരുടെ മാനസികാരോഗ്യം കൂടെക്കൂടെ പരിശോധിക്കാൻ നടപടിയുണ്ടാകണമെന്ന് മാനസികാരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

ക്യാമ്പുകളിൽ സേനാംഗങ്ങൾ കടുത്ത മാനസികസമ്മർദത്തെത്തുടർന്ന് സഹപ്രവർത്തകരെ വെടിവെക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ കഴിഞ്ഞദിവസം സി.ഐ.എസ്.എഫ്. സേനാംഗം നടത്തിയ വെടിവെപ്പിൽ ഒരു സഹപ്രവർത്തകൻ കൊല്ലപ്പെട്ടു. ജൂൺ 10-ന് കൊൽക്കത്ത പോലീസ് സേനാംഗം നിരത്തിൽ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇയാൾ ജീവനൊടുക്കുകയുംചെയ്തു. ജൂലായ് 22-ന് കൊൽക്കത്ത വിമാനത്താവളത്തിലെ സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ് വിഭാഗത്തിലെ ഒരു ജവാൻ സ്വയം വെടിവെച്ചുമരിച്ചിരുന്നു.

വിവിധ സേനാവിഭാഗങ്ങളിൽ എപ്പോഴെങ്കിലുമാണ് മാനസികാരോഗ്യപരിശോധന നടത്തുന്നതെന്നും ഇത് നിശ്ചിതകാലയളവിൽ ആവർത്തിച്ചുനടത്തണമെന്നും മാനസികാരോഗ്യ വിദഗ്ധൻ ഡോ. ഉജ്ജ്വൽ ബാനർജി പറഞ്ഞു. പ്രശ്നങ്ങളുള്ളവരുടെ കൈയിൽ ആയുധങ്ങൾ ഏൽപ്പിക്കരുതെന്നും ഇവർക്ക് താരതമ്യേന സമ്മർദംകുറഞ്ഞ ജോലികൾ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

സേനാവിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്ക് ജോലിയുടെ സ്വഭാവംകാരണം കടുത്ത സമ്മർദമുണ്ടാകുമെന്ന് മനഃശാസ്ത്രജ്ഞ ഡോ. സ്മരണിക ത്രിപാഠി ചൂണ്ടിക്കാട്ടി. ഇവർക്ക് ഇതുനേരിടാനുള്ള പരിശീലനവും പിരിമുറുക്കം കുറയ്ക്കാനുള്ള അവസരവും നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു. പലപ്പോഴും കൃത്യമായ ഭക്ഷണമോ ഉറക്കമോ ലഭിക്കാത്തവർക്ക് സമ്മർദം അതിരുവിടുന്ന ഘട്ടത്തിൽ ചിന്താശക്തി നഷ്ടമാകുമെന്ന് അവർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..