വ്യാജവിവരം പ്രചരിപ്പിച്ച എട്ട് യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രം തടഞ്ഞു


കൂട്ടത്തിൽ ഒരു പാകിസ്താൻ ചാനലും

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശബന്ധം, ദേശ സുരക്ഷ, പൊതുസ്ഥിതി എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ട്‌ യുട്യൂബ് ചാനലുകളുടെ പ്രവർത്തനം വാർത്താവിതരണ മന്ത്രാലയം വിലക്കി. പാകിസ്താൻ ആസ്ഥാനമായ ഒരു ചാനലുൾപ്പെടെയാണിത്.

വിലക്കിയ ചാനലുകൾ 114 കോടിയിലധികം തവണ പ്രേക്ഷകർ കണ്ടതും 85.73 ലക്ഷം വരിക്കാർ ഉള്ളതുമാണ്. യുട്യൂബിലൂടെ ഇന്ത്യാവിരുദ്ധ വാർത്തകൾ നൽകി ഈ ചാനലുകൾ പണം സമ്പാദിക്കുകയായിരുന്നുവെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഇതോടൊപ്പം ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും സാമൂഹികമാധ്യമങ്ങളിലെ രണ്ടു പോസ്റ്റുകളും നീക്കിയിട്ടുമുണ്ട്.

ഇത്തരം ചാനലുകൾ പുറത്തുവിട്ട ഉള്ളടക്കത്തിന്റെ ലക്ഷ്യം രാജ്യത്തെ മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തലായിരുന്നുവെന്ന് മന്ത്രാലയത്തിൻറെ പ്രസ്താവനയിൽ പറയുന്നു. വിവിധ വീഡിയോകളിൽ തെറ്റായ അവകാശവാദങ്ങളാണുണ്ടായിരുന്നത്. മതപരമായ നിർമിതികൾ പൊളിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതും മതാഘോഷങ്ങൾ നിരോധിച്ചതും പോലുള്ള തെറ്റായ വിവരങ്ങളാണ് നൽകിയത്. ഇത് രാജ്യത്തെ സമാധാനം തകർക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സായുധസേനയുമായും ജമ്മുകശ്മീരുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ നൽകിയിട്ടുള്ള വ്യാജ വാർത്തകൾ ദേശസുരക്ഷയെയും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുന്ന തരത്തിലുള്ളതാണെന്നും മന്ത്രാലയം കണ്ടെത്തി. കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ മന്ത്രാലയം 102 യുട്യൂബ് ചാനലുകളും ഒട്ടേറെ സാമൂഹികമാധ്യമ അക്കൗണ്ടുകളും കേന്ദ്രസർക്കാർ തടഞ്ഞിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..