ശ്രീനഗർ: പുറത്തു നിന്നുള്ളവർക്കും ജമ്മു കശ്മീരിൽ വോട്ടുചെയ്യാൻ അനുമതിയായതോടെ 25 ലക്ഷം പേർക്കെങ്കിലും ഇവിടെ പുതുതായി സമ്മതിദാനാവകാശം ലഭിക്കുമെന്നു കരുതുന്നു. എന്നാൽ, ഇതിനെതിരേ പ്രധാനരാഷ്ട്രീയകക്ഷികൾ വൻ പ്രതിഷേധമാണുയർത്തുന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ബി.ജെ.പി.യുടെ അപകടരമായ നീക്കമാണിതെന്ന് മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതോടെ പുറത്തു നിന്നുവന്ന് ഇവിടെ കഴിയുന്നവർക്കും ജോലി ചെയ്യുന്നവർക്കും വോട്ടുചെയ്യാൻ അവകാശമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ അവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ പുറത്തുനിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ വോട്ടവകാശമുണ്ടായിരുന്നില്ല, ഭൂമി വാങ്ങാനും കഴിഞ്ഞിരുന്നില്ല. 2019-ൽ കേന്ദ്രസർക്കാർ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെയാണ് ഇതിന് അവസരമൊരുങ്ങിയത്.
നാലുവർഷത്തോളമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരില്ലാത്ത ജമ്മു കശ്മീരിൽ അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുമെന്നാണ് കരുതുന്നത്. നിലവിൽ 76 ലക്ഷത്തിലേറെപ്പേർക്ക് വോട്ടവകാശമുള്ളത് പുറത്തുനിന്നുള്ളവർക്കും അനുമതിയായതോടെ ഒരു കോടിയോളമായി ഉയരുമെന്നാണ് കരുതുന്നത്.
ഗുരുതരസ്വഭാവമുള്ള വിഷയമാണിതെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങൾ ചർച്ചചെയ്യാനും തുടർനടപടികൾ ആലോചിക്കാനുമായി അദ്ദേഹം തന്റെ വസതിയിൽ 22-ന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിനെ ബി.ജെ.പി. തങ്ങളുടെ പരീക്ഷണശാലയാക്കുകയാണെന്ന് പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. പുറംനാട്ടുകാരെ വോട്ടുചെയ്യാനനുവദിക്കുന്നതിലൂടെ മേഖലയിലെ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
ജമ്മുകശ്മീരിൽ ബി.ജെ.പി.യുടെ അരക്ഷിതാവസ്ഥയാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കുറ്റപ്പെടുത്തി. േമഖലയ്ക്കു പുറത്തുനിന്നുള്ള താത്കാലികവോട്ടർമാരെ കൊണ്ടുവന്ന് മേധാവിത്വം നേടാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..