കർണാടക സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ പരീക്ഷണഭൂമി -പിണറായി


മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരു: പുരോഗമന-നവോഥാന പോരാട്ടങ്ങളുടെ മഹത്തായ ചരിത്രമുള്ള കർണാടകത്തെ പിറകോട്ടടുപ്പിക്കാൻ ബി.ജെ.പി.യും സംഘപരിവാറും ശ്രമിക്കുന്നതായി കേരളമുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കർണാടകത്തിൽ അടുത്തുനടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിൽ സി.പി.എം. സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസമത്വങ്ങൾക്കെതിരായും സാമൂഹികനവോഥാനത്തിനുവേണ്ടിയുമുള്ള പോരാട്ടം നടന്ന നാടാണ് കർണാടക. വിധ്വംസകരാഷ്ട്രീയത്തിന്റെ ഭാഗമായി അതെല്ലാം മറച്ചുവെക്കാനുള്ള നീക്കം ശക്തിപ്പെടുന്നു. സംഘപരിവാറിന്റെയും വളർച്ചയാണ് ഇതിന് വഴിവെച്ചത്. പൊതുമണ്ഡലം വർഗീയവത്കരിക്കപ്പെടുകയും ചരിത്രം മാറ്റിയെഴുതുകയു ചെയ്യുന്നു. എതിർശബ്ദങ്ങൾ ഉയർത്തുന്നവരെ ഇല്ലാതാക്കുകയോ നിശ്ശബ്ദമാക്കുകയോ ആണ്. കഴിഞ്ഞ കുറെ ദശകങ്ങളായി ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ പരീക്ഷണഭൂമിയായി കർണാടകത്തെ മാറ്റി. ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽ നടപ്പാക്കിയ വിധ്വംസകരാഷ്ട്രീയം അതിന്റെ അതിതീവ്രസ്വഭാവത്തോടെ കർണാടക മണ്ണിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ. അതിന് അജൻഡ തയ്യാറാക്കുകയാണവർ. പാഠപുസ്തകങ്ങളുടെ കാവിവത്കരണം ഇതിന്റെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ കർണാടകത്തിൽ കൂടി. ഇതിലെ പുതിയ അധ്യായമാണ് ഹിജാബിന്റെ പേരിൽ അരങ്ങേറിയത്. വർഗീയമായ ഭിന്നിപ്പ് രൂക്ഷമാക്കുന്നതിനുവേണ്ടി ഇതിനെ ഉപയോഗിച്ചു. ഇതിന് അധികാരികൾ കൂട്ടുനിന്നു.

ന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരാണ് എന്ന ആശയമാണ് അടിച്ചേൽപ്പിക്കുന്നത്. മുസ്‌ലിംവിഭാഗങ്ങളെ ഭീതിയിലാഴ്ത്താൻ പുതിയ വിവാദങ്ങളുണ്ടാക്കുന്നു. ദേശീയതയുടെ മൂടുപടം അണിഞ്ഞുകൊണ്ടാണ് മതവർഗീയശക്തികൾ മുന്നോട്ടുവരുന്നത്. ഇവർക്ക് ശക്തിപകരുന്നതാണ് പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ., ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവരുടെ നിലപാടുകൾ. ന്യൂനപക്ഷങ്ങൾ വർഗീയമായി സംഘടിച്ചുകൊണ്ട് ഇതിനെ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനനേട്ടങ്ങളെ അക്കമിട്ട് വിവരിച്ച പിണറായി വിജയൻ സംസ്ഥാനമുണ്ടാക്കിയ നേട്ടത്തിനുകാരണം ഇടതുപക്ഷ സർക്കാരുകളാണെന്ന് പറഞ്ഞു. സർക്കാരിന്റെ മുന്നേറ്റത്തെ തടയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, സംസ്ഥാന സെക്രട്ടറി യു. ബസവരാജ്, കേന്ദ്രക്കമ്മിറ്റി അംഗം കെ.വി. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു. ബാഗേപ്പള്ളി ടൗണിൽനിന്ന് തുടങ്ങിയ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..