ഗ്യാൻവാപി: ‘ശിവലിംഗ’ പരിശോധനയ്ക്കുള്ള ഹർജി കോടതി കേൾക്കും


*29-ന് അടുത്ത വാദം

വാരാണസി(യു.പി.): ഉത്തർപ്രദേശിൽ കാശിവിശ്വനാഥക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ കണ്ടെത്തിയെന്നു പറയുന്ന ‘ശിവലിംഗ’ത്തിന്റെ പ്രായം നിർണയിക്കാൻ കാർബൺ ഡേറ്റിങ് പരിശോധന നടത്തണമെന്ന അപേക്ഷ വാരാണസി ജില്ലാകോടതി ഫയലിൽ സ്വീകരിച്ചു.

കേസ് ഈ മാസം 29-ന് പരിഗണിക്കാനായി ജഡ്ജി എ.കെ വിശേഷ് മാറ്റി. കാർബൺ ഡേറ്റിങ് പരിശോധനയ്ക്ക് തടസ്സവാദമുണ്ടെങ്കിൽ അന്ന് ഉന്നയിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദേശിച്ചു.

ഗ്യാൻവാപി പള്ളിസമുച്ചയത്തിൽ കോടതി നിർദേശപ്രകാരം സർവേ നടത്തിയ അഭിഭാഷകരാണ് പള്ളിക്കുളത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോർട്ട് നൽകിയത്. എന്നാലിത് ജലധാരയുടെ ഭാഗമാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

വിശദമായ പഠനം ആവശ്യമുള്ളതിനാൽ കേസിൽ വാദംതുടരുന്നത് എട്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി തള്ളി. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകൾ സമർപ്പിച്ച ഹർജി കേൾക്കാൻ നേരത്തേ ജില്ലാകോടതി തീരുമാനിച്ചിരുന്നു. പള്ളി വഖഫ് സ്വത്താണെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച പരാതി തള്ളിക്കൊണ്ടായിരുന്നു ഇത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..