ന്യൂഡൽഹി: പാർലമെന്റ് ഐ.ടി. സ്ഥിരംസമിതി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി തരൂരിനെ മാറ്റുന്നതിനെതിരേ കോൺഗ്രസ്. പാർട്ടിയുടെ ലോക്‌സഭാകക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ഇക്കാര്യത്തിൽ ആശങ്കയറിയിച്ച് സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു.
ഐ.ടി. സമിതിക്കുപുറമേ ആഭ്യന്തരകാര്യസമിതിയുടെ ചെയർമാൻ സ്ഥാനവും കോൺഗ്രസിൽനിന്ന് എടുത്തുമാറ്റാൻ നീക്കം നടക്കുന്നതായി കത്തിൽ പറയുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ പങ്ക് കുറയ്ക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഐ.ടി. സമിതിയിലെ ബി.ജെ.പി.യുടെ ചില അംഗങ്ങൾതന്നെ മുമ്പ് തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പരാതിപ്പെട്ടിട്ടുള്ളതിനാൽ ഇപ്പോഴത്തെ നീക്കം തീർത്തും അസ്വാഭാവികമാണെന്നും അധീർ ചൗധരി കുറ്റപ്പെടുത്തി.
എന്നാൽ, പാർലമെന്ററി സമിതികൾ പുനഃസംഘടിപ്പിക്കുന്നത് വാർഷികനടപടിയാണെന്നാണ് അധികൃതർ പറയുന്നത്. ഈമാസം അവസാനത്തോടെ പുനഃസംഘടനയുണ്ടായേക്കും. ആഭ്യന്തരകാര്യം, ഐ.ടി., പരിസ്ഥിതി-ശാസ്ത്രം എന്നീ സമിതികളിലാണ് കോൺഗ്രസിന് അധ്യക്ഷസ്ഥാനമുള്ളത്. പുനഃസംഘടനയോടെ അത് രണ്ടുസമിതികളിലായി ചുരുങ്ങും. പ്രതിരോധം, ധനകാര്യം എന്നീ സമിതികളിലും മുമ്പ് ചെയർമാൻ സ്ഥാനമുണ്ടായിരുന്ന പാർട്ടിക്ക് 2019-ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിനുശേഷംനടന്ന പുനഃസംഘടനയിലാണ് അവ നഷ്ടമായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..