പട്ന: ബിഹാറിൽ ബി.ജെ.പി.യെ പുറത്താക്കി രൂപവത്കരിച്ച മഹാഗഡ്ബന്ധൻ സർക്കാരിന്റെ ‘മധുവിധുകാലം’ കഴിയുന്നു. നിതീഷ്‍കുമാർ സജീവരാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന് മുഖ്യമന്ത്രിസ്ഥാനം തേജസ്വി യാദവിന് നൽകണമെന്ന ആവശ്യവുമായി മുതിർന്ന ആർ.ജെ.ഡി. നേതാവ് ശിവാനന്ദ് തിവാരി രംഗത്ത്. ഒരു ആശ്രമം തുറന്ന് യുവതലമുറയ്ക്ക് രാഷ്ട്രീയപരിശീലനം നൽകുന്നതാണ് നിതീഷിന് നല്ലതെന്നും തിവാരി തുറന്നടിച്ചു. ജെ.ഡി.യു.-ആർ.ജെ.ഡി. സർക്കാർ രൂപവത്കരിച്ച് രണ്ടുമാസം തികയുംമുമ്പേ തുടങ്ങിയ പൊട്ടലും ചീറ്റലും മഹാസഖ്യത്തിൽ ആശങ്കയുയർത്തി.
പട്നയിൽ ആർ.ജെ.ഡി. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ശിവാനന്ദ് തിവാരി നിതീഷിനെ കടന്നാക്രമിച്ചത്. “ഒരു ആശ്രമം തുറന്ന് യുവാക്കൾക്ക് പരിശീലനംനൽകാൻ തനിക്ക് താത്പര്യമുണ്ടെന്ന് വളരെ മുമ്പ് നിതീഷ് പറഞ്ഞത് എനിക്കോർമയുണ്ട്. അതിന് കാലമായിരിക്കുന്നു. തേജസ്വിക്ക് മുഖ്യമന്ത്രിപദം കൈമാറിയശേഷം ആശ്രമം തുടങ്ങുന്നതാണ് അദ്ദേഹത്തിന് എന്തുകൊണ്ടും നല്ലത്. വൈകാതെ ആശ്രമത്തിൽ ചേർന്ന് പരിശീലനം നൽകാമെന്ന് ഞാനും വാഗ്ദാനം ചെയ്യുന്നു.”-തിവാരി പറഞ്ഞു. ആർ.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
ഇതു വിവാദമായതോടെ പ്രതികരണവുമായി ജെ.ഡി.യു. രംഗത്തെത്തി. കോടിക്കണക്കിന് ജനങ്ങളുടെ പ്രാർഥന ഇപ്പോഴും നിതീഷ് കുമാറിനൊപ്പമുണ്ടെന്നും അദ്ദേഹം ആശ്രമം തുറന്ന് തപസ്സിരിക്കുമെന്ന് ആരും കരുതേണ്ടെന്നും ജെ.ഡി.യു. നേതാവ് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. രാജ്യത്തെ ഉന്നതപദവയിലിരുന്ന് തങ്ങളെ സേവിക്കണമെന്നാണ് ജനങ്ങൾ നിതീഷിനോട് ആവശ്യപ്പെടുന്നത്. ആശ്രമം തുടങ്ങാൻ താത്പര്യമുള്ളവർക്ക് അതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ആർ.ജെ.ഡി. നേതാവായ കൃഷിമന്ത്രി സുധാകർ സിങ്ങും സ്വന്തം സർക്കാരിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൃഷിവകുപ്പ് അഴിമതിയിൽമുങ്ങിയെന്നും തെളിവുകൾസഹിതം ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. തന്നെ വേണമെങ്കിൽ മുഖ്യമന്ത്രിക്കു പുറത്താക്കാമെന്നും വെല്ലുവിളിച്ചു. ക്രിമിനൽക്കേസിൽ പ്രതിയായ ആർ.ജെ.ഡി. നേതാവ് കാർത്തിക് കുമാറിനെ നിയമമന്ത്രിയാക്കിയതിനെച്ചൊല്ലി പ്രതിപക്ഷം നിതീഷിനെ പൊരിച്ചിരുന്നു. വിമർശനം രൂക്ഷമായതോടെ കാർത്തിക് കുമാറിനെ അപ്രധാനമായ കരിമ്പുകൃഷിവകുപ്പിലേക്കു മാറ്റി. പിന്നാലെ അദ്ദേഹം രാജിവെക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..