തമിഴ്‌നാട്ടിൽ അറസ്റ്റ്, പ്രതിഷേധം


ചെന്നൈ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.)യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) പരിശോധന നടത്തി. സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന 11 പേർ അറസ്റ്റിലായി.

ദിണ്ടിക്കൽ സോണൽ സെക്രട്ടറി യാസർ അറാഫത്ത് (28), കടലൂർ ജില്ലാസെക്രട്ടറി ഫയാസ് അഹമ്മദ് (36), സംസ്ഥാന വക്താവ് എ. മുഹമ്മദ് ഇദ്രിസ് (35), മധുര ജില്ലാപ്രസിഡന്റ് എസ്. മുഹമ്മദ് അബുതാഹിർ (36), സെക്രട്ടറി എം. സയ്യിദ് ഇസ്ഹാഖ് (35) തുടങ്ങിയവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇവരെ ചെന്നൈ എൻ.ഐ.എ. ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കും. ചിലരെ എൻ.ഐ.എ.യുടെ ഡൽഹിയിലെ ദേശീയ ആസ്ഥാനത്തെത്തിക്കുമെന്നും സൂചനയുണ്ട്.

റെയ്ഡിനെതിരേ ചെന്നൈ, കോയമ്പത്തൂർ, ദിണ്ടിക്കൽ എന്നിവിടങ്ങളിൽ പ്രതിഷേധപ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ ചെന്നൈയിലെ സംസ്ഥാനകമ്മിറ്റി ഓഫീസിൽ വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തു. തേനി, മധുര, കോയമ്പത്തൂർ, തിരുനെൽവേലി, കന്യാകുമാരി, സേലം, രാമനാഥപുരം, ദിണ്ടിക്കൽ, ഈറോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. ചോദ്യംചെയ്യുന്നതിനായി ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പോലീസിനെ അറിയിക്കാതെ, കേന്ദ്രസേനയുടെ സഹായത്തോടെയാണ് എൻ.ഐ.എ.സംഘം റെയ്ഡിനെത്തിയത്. തേനിയിലെ കമ്പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ദമ്പതിമാരെ കസ്റ്റഡിയിലെടുത്തു.

കോയമ്പത്തൂർ കരുമ്പുകടൈയിൽ എൻ.ഐ.എ.യ്ക്കെതിരേ പ്രതിഷേധിച്ചവരെയും കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ എൻ.ഐ.എ. ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയവരെയും അറസ്റ്റുചെയ്തുനീക്കി. സംസ്ഥാനത്ത് പലയിടത്തും പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവർത്തകർ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.

തീവ്രവാദത്തിന് സാമ്പത്തികസഹായം, തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിക്കൽ, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾക്ക് ധനശേഖരണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് രാജ്യവ്യാപകമായി റെയ്ഡ്‌ നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..