ഹിജാബ് കേസ് സുപ്രീംകോടതി വിധിപറയാൻ മാറ്റി


വാദംകേട്ടത് പത്തുദിവസം

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയം സുപ്രീംകോടതി വിധിപറയാനായി മാറ്റി. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതിവിധി ചോദ്യംചെയ്യുന്ന ഹർജികളിൽ പത്തുദിവസം സുദീർഘമായി വാദംകേട്ടശേഷമാണ് ഇത്.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാംമതത്തിലെ അനിവാര്യമായ ആചാരമാണോ എന്നതിനെ മുൻനിർത്തിയാണ് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചിനുമുമ്പാകെ വാദം നടന്നത്. മതപരമായി മാത്രമല്ല, സാംസ്കാരികമായ ആചാരമാണെങ്കിൽപ്പോലും ഹിജാബ് വിലക്കാനാവില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. ഹിജാബ് ധരിക്കുന്നതുവഴി മറ്റുള്ളവരുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നെന്ന് ഭരണകൂടത്തിന് തെളിയിക്കാനാവാത്തിടത്തോളം അത് വിലക്കാനാവില്ല. മുസ്‌ലിംസ്ത്രീകളുടെ പെരുമാറ്റത്തിലെ സ്വകാര്യതകൂടിയാണ് ഹിജാബ്. ഖുർആനിൽ ഹിജാബിനെക്കുറിച്ച് പറയുന്നുണ്ടെന്നും ഹർജിക്കാർ വാദിച്ചു.

അതേസമയം, 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, ഈ വാദത്തെ ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വ്യാഴാഴ്ച എതിർത്തു. ഹിജാബ് നിരോധിക്കുന്ന കർണാടക സർക്കാരിന്റെ സർക്കുലറിൽ പോപ്പുലർ ഫ്രണ്ടിന്റെ കാര്യം പറയുന്നില്ല. മതപരമായ ആചാരം ഐക്യത്തിനും തുല്യതയ്ക്കും എതിരാണെന്നു മാത്രമാണ് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നതെന്നും ദവെ ചൂണ്ടിക്കാട്ടി.

ഹിജാബ് ധരിക്കാനുള്ള അവകാശം സാംസ്കാരികമായ അവകാശം കൂടിയാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണോ എന്നതിലുപരി അത്തരം ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്നതുമാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..