പാക് കടലിടുക്കിൽ കടൽപ്പശുസങ്കേതം; വിജ്ഞാപനമായി


ചെന്നൈ: പാക് കടലിടുക്കിലെ 44,834 ഹെക്ടർപ്രദേശം കടൽപ്പശുസങ്കേതമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വംശനാശഭീഷണി നേരിടുന്ന കടൽപ്പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ സങ്കേതമാണിത്. തമിഴ്‌നാട് തീരത്ത് തഞ്ചാവൂരിലെ അദിരാമ പട്ടിണം മുതൽ പുതുക്കോട്ടയിലെ അമ്മപ്പട്ടിണം വരെ 111.38 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയാണ് കടൽപ്പശു സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. മേഖലയിൽ യന്ത്രവത്കൃത ബോട്ടുകളുടൈ സഞ്ചാരവും മനുഷ്യന്റെ ഇടപെടലുകളും പരമാവധി കുറച്ചായിരിക്കും സംരക്ഷണം നടപ്പാക്കുക.

പരമ്പരാഗത മീൻപിടിത്തത്തിന് നിയന്ത്രണമുണ്ടാവില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് രാമചന്ദ്ര റെഡ്ഡി പറഞ്ഞു. ആഴംകുറഞ്ഞ പാക് കടലിടുക്കിന്റെ അടിത്തട്ടിലെ കടൽപ്പുല്ലുകൾ സംരക്ഷിക്കുന്നത് മത്സ്യസമ്പത്ത് വർധിക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ ജീവിക്കുന്ന സസ്തനിയാണ് ഡുഗോങ് അഥവാ കടൽപ്പശു. 400 കിലോഗ്രാം വരെ ഭാരവും 10 അടി വരെ നീളവുമുള്ള ഇവയ്ക്ക് കാഴ്ചയിൽ ആനക്കുട്ടികളോടാണ് സാമ്യം. അന്തരീക്ഷവായു ശ്വസിച്ച് കടൽപ്പുല്ലുതിന്നു ജീവിക്കുന്ന കടൽപ്പശു അന്തമാനിന്റെ ഔദ്യോഗികമൃഗം കൂടിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഡുഗോങ്ങുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യൻ തീരത്തുള്ള കടൽപ്പശുക്കളുടെ എണ്ണം 250 മാത്രമാണ്. ഇതിൽ 150 എണ്ണവും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ കിടക്കുന്ന പാക് കടലിടുക്കിലും മാന്നാർ ഉൾക്കടലിലുമാണ് കഴിയുന്നത്. ബാക്കിയുള്ളവ കച്ച് തീരത്തും അന്തമാൻ തീരത്തുമാണുള്ളത്. കടലിൽ എണ്ണകലരുന്നതും കപ്പലിന്റെയും ബോട്ടിന്റെയും പ്രൊപ്പല്ലറിൽത്തട്ടുന്നതുമാണ് കടൽപ്പശുക്കൾ ചത്തൊടുങ്ങാൻ പ്രധാനകാരണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..