മ്യാൻമാറിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ ഊർജിതശ്രമം


ജോലിവാഗ്ദാനങ്ങളിൽ ജാഗ്രതപാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: തൊഴിൽത്തട്ടിപ്പിനിരയായി മ്യാൻമാറിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഊർജിതനടപടികളുമായി വിദേശകാര്യമന്ത്രാലയം. തായ്‌ലാൻഡിലെ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ലഭിച്ചവരാണ് മ്യാൻമാറിൽ കുടുങ്ങിയത്. തടങ്കലിൽ കഴിഞ്ഞ 32 ഇന്ത്യക്കാരെ മോചിപ്പിച്ചെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മ്യാൻമാറിലെ മ്യാവാഡി എന്ന പ്രദേശത്താണ് ഇന്ത്യക്കാർ തടങ്കലിൽക്കഴിയുന്നത്. എത്രപേർ ഉണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. എല്ലാ ഇന്ത്യക്കാരെയും രക്ഷപ്പെടുത്താൻ മ്യാൻമാറിലെയും തായ്‌ലാൻഡിലെയും ഇന്ത്യൻ എംബസികൾ ശ്രമിക്കുന്നുണ്ട്. അമ്പതോളംപേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് കരുതുന്നതെന്നും ബാഗ്ചി പറഞ്ഞു.

വ്യാജ ജോലിവാഗ്ദാനങ്ങളിൽ വീഴാതെ ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗാർഥികൾക്ക് അദ്ദേഹം മുന്നറിയിപ്പുനൽകി. ഇന്ത്യക്കാർക്ക് തായ്‌ലാൻഡിൽ എത്തിയശേഷം വിസയെടുക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും അത് തൊഴിലിന് ബാധകമല്ല. ഇതുസംബന്ധിച്ച് സർക്കാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഡിജിറ്റൽ സ്‌കാമിങ്ങും വ്യാജ ക്രിപ്‌റ്റോ ഇടപാടും നടത്തുന്ന തായ്‌ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ ഐ.ടി. കമ്പനികളാണ് തട്ടിപ്പിനു പിന്നിലെന്നും ഇന്ത്യയിലും ദുബായിലും ബാങ്കോക്കിലുമുള്ള ഏജന്റുമാർ മുഖേനയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ബാഗ്ചി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലെ പരസ്യത്തിലൂടെ വലിയ ശമ്പളത്തോടുകൂടിയ ഡേറ്റ എൻട്രി ജോലിയാണ് ഇവർ വാഗ്ദാനംചെയ്യുന്നത്. കെണിയിൽ വീഴുന്നവരെ തായ്‌ലാൻഡിൽനിന്ന് അനധികൃതമായി അതിർത്തികടത്തിയാണ് മ്യാൻമാറിലെ മ്യാവാഡി മേഖലയിലേക്ക് കൊണ്ടുപോകുന്നത്. സുരക്ഷാ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ മ്യാവാഡിയിൽ എളുപ്പം എത്തിച്ചേരാനാകില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..