ആശാ പരേഖിന് ഫാൽക്കെ അവാർഡ്


*വെള്ളിയാഴ്ച രാഷ്ട്രപതി സമ്മാനിക്കും

ചണ്ഡീഗഡ്: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വിഖ്യാത ഹിന്ദിനടി ആശാ പരേഖിന്. ഇന്ത്യൻസിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് ബഹുമതിയെന്ന് വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്കാരദാനച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ബഹുമതി സമ്മാനിക്കും.

സ്വർണക്കമലവും ഷാളും പത്തുലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്കാരം. ഹിന്ദി ചലച്ചിത്രലോകത്ത് 1950-1970 കാലഘട്ടത്തിൽ തിളങ്ങിനിന്ന നടിയാണ് ആശാ പരേഖ്. സംവിധായിക, നിർമാതാവ്, നർത്തകി എന്നീ നിലകളിലും മുദ്രപതിപ്പിച്ചിട്ടുണ്ട്. 1992-ൽ രാജ്യം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു. സെൻസർ ബോർഡിന്റെ (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) അധ്യക്ഷപദവിയിലിരുന്ന ആദ്യവനിതയാണ് ആശ. ഗുജറാത്തിലെ ബച്ചുഭായ് പരേഖ്-സൽമ പരേഖ് ദമ്പതിമാരുടെ മകളാണ്. 1952-ൽ ആസ്മാൻ എന്ന ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലെ അരങ്ങേറ്റം. ദിൽ ദേകെ ദേഖോ എന്ന ചിത്രത്തിലൂടെ നായികയായി. ദോ ബദൻ, ഉപ്കാർ, കതി പതങ്, കാരവൻ, തീസ്‍രി മൻസിൽ, ലവ് ഇൻ ടോക്കിയോ തുടങ്ങി നൂറോളം സിനിമകളിൽ വേഷമിട്ടു. നടിമാരായ ഹേമമാലിനി, പൂനം ധില്ലൻ, ഗായകരായ ആശാ ഭോസ്‍ലെ, ഉദിത് നാരായൺ, കന്നഡ സംവിധായകനും നിർമാതാവുമായ ടി.എസ്. നാഗഭരണ എന്നിവരടങ്ങുന്ന സമിതിയാണ് ആശയെ അവാർഡിന് തിരഞ്ഞെടുത്തത്.രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..