റെയിൽവേ തത്കാൽ തട്ടിപ്പ്: സൂത്രധാരൻ അറസ്റ്റിൽ


വ്യാജ സോഫ്റ്റ്‌വേർ ഉപയോഗിച്ച് 1.30 ലക്ഷം ടിക്കറ്റ് വിറ്റതായി വെളിപ്പെടുത്തൽ

ചെന്നൈ: വ്യാജ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ച് അനധികൃതമായി റെയിൽവേ തത്കാൽ ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ റെയിൽവേ സംരക്ഷണ സേന(ആർ.പി.എഫ്.)യുടെ പിടിയിലായി. വിവിധ സംസ്ഥാനങ്ങളിലെ ഏജന്റുമാർക്ക് വ്യാജ സോഫ്റ്റ്‌വേർ നിർമിച്ചു നൽകുകയും അതുപയോഗിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ പരിശീലിപ്പിക്കുകയും ചെയ്ത ശൈലേഷ് യാദവാ (27)ണ് അറസ്റ്റിലായത്. ഒന്നരവർഷത്തിനിടെ 1.30 ലക്ഷം ടിക്കറ്റുകൾ ഇതുപയോഗിച്ച് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

ആർ.പി.എഫിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് ബിഹാറിലെ ദാനാപുർ സ്വദേശിയായ ശൈലേഷിനെ പിടികൂടിയത്. അന്വേഷണത്തിന്റെഭാഗമായി തിരുച്ചിറപ്പള്ളിയിലെത്തിച്ച ഇയാളിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐ.ആർ.സി.ടി.സി. വെബ്സൈറ്റിന്റെ സുരക്ഷാ പരിശോധനാഘട്ടങ്ങൾ മറികടക്കുന്നതിനുള്ളതാണ് ശൈലേഷ് വികസിപ്പിച്ച സോഫ്റ്റ്‌വേറുകൾ. ഇതുപയോഗിക്കുന്ന ഏജന്റുമാർക്ക് അതിവേഗം ടിക്കറ്റെടുക്കാനും ഒരേസമയം ഒന്നിലേറെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും സാധിക്കും. ഇങ്ങനെയെടുക്കുന്ന ടിക്കറ്റ് വലിയ തുകയ്ക്ക് വിറ്റാണ് ഏജന്റുമാർ ലാഭമുണ്ടാക്കുന്നത്.



സോഫ്റ്റ്‌വേർ വിറ്റും അതുപയോഗിച്ച് എടുക്കുന്ന ടിക്കറ്റിന് കമ്മിഷൻ ഈടാക്കിയുമാണ് ശൈലേഷ് യാദവ് പണം സമ്പാദിച്ചിരുന്നത്. അനധികൃത ടിക്കറ്റ് വിൽപ്പനയിലൂടെ മാസം മൂന്നു ലക്ഷം രൂപയോളം സമ്പാദിച്ചിരുന്നതായി യാദവ് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 3,458 പേർക്ക് സോഫ്റ്റ്‌വേർ വിറ്റു. ഒരാളിൽനിന്ന് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് വിലയായി വാങ്ങിയിരുന്നത്. ഇതുവഴി ഒരു കോടിയിലേറെ രൂപ ലഭിച്ചു. സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നതിന് പരിശീലനം നൽകുന്ന യുട്യൂബ് ചാനലും ഇയാൾ തുടങ്ങിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..