പുതിയ പാർലമെന്റിന് മുകളിലെ അശോകസ്തംഭം; തെറ്റില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച വലിയ അശോകസ്തംഭം ദേശീയചിഹ്ന നിയമത്തിന്റെ ലംഘനമാണെന്നു ആരോപിക്കുന്ന പരാതി സുപ്രീംകോടതി തള്ളി.

അതുതന്നെയാണ് ദേശീയ ചിഹ്നമെന്നും അതിൽ നിയമലംഘനമില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചിഹ്നം ഓരോരുത്തർക്കും നൽകുന്ന പ്രതീതി വ്യക്തികളുടെ മനസ്സിനെ ആശ്രയിച്ചിരിക്കുമെന്നും ബെഞ്ച് പറഞ്ഞു.



പാർലമെന്റിന് മുകളിൽ സ്ഥാപിച്ച ഭീമൻ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവം അക്രമികളുടേതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകരായ അൽദാനിഷ് റെയിൻ, രമേഷ് കുമാർ മിശ്ര എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സാരാനാഥിലെ മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന അശോകസ്തംഭത്തിലേത് ശാന്തസ്വഭാവമുള്ള സിംഹങ്ങളാണെന്നും പാർലമെന്റിൽ സ്ഥാപിച്ചത് വായതുറന്ന് അക്രമാസക്തമായ രൂപമാണെന്നും പരാതിയിൽ പറഞ്ഞു. ചിഹ്നത്തിന് രൂപമാറ്റം വരുത്തുകവഴി കേന്ദ്ര സർക്കാർ അതിന്റെ പരിശുദ്ധി ഇല്ലാതാക്കിയെന്നും ഹർജിയിൽ ആരോപിച്ചു.

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായിലാണ് ഉദ്ഘാടനംചെയ്തത്. സ്തംഭത്തിലുള്ളത് ശാന്തസ്വരൂപമുള്ള സിംഹമല്ലെന്ന് ചൂണ്ടിക്കാട്ടി അന്നുതന്നെ വിവാദമുയർന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..