കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിരൂപ ചെന്നൈയിൽ പിടിച്ചു


ചെന്നൈ: അനധികൃതമായി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കോടിരൂപ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുമലയാളികളുൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തു.

ചെന്നൈ, മണ്ണടി സ്വദേശിയായ നിസാർ അഹമ്മദ് (33), നിസാറിന്റെ കാർഡ്രൈവർ മധുര സ്വദേശി വസീം അക്രം (19), കോഴിക്കോട്ടുനിന്നുള്ള ലോറി ഡ്രൈവർമാരായ സറഫുദ്ദീൻ (37), നാസർ (42) എന്നിവരാണ് അറസ്റ്റിലായത്.ചെന്നൈയ്ക്കടുത്ത് വെല്ലൂരിൽ വ്യാഴാഴ്ച രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് നോട്ടുകെട്ടുകൾ നിറച്ച കാറും ലോറിയും പിടിച്ചെടുത്തത്. മണ്ണടിഭാഗത്തുനിന്ന് കാറിൽ കൊണ്ടുവന്ന പണം വെല്ലൂർ പള്ളിക്കൊണ്ടയ്ക്കടുത്ത് ഗോവിന്ദാമ്പാടിയിൽ നിർത്തിയിട്ട ലോറിയിലേക്ക് കയറ്റുമ്പോഴാണ് നാലംഗസംഘം പോലീസിന്റെ വലയിലായത്. കോയമ്പത്തൂരിലും കോഴിക്കോട്ടും എത്തിക്കാനുള്ള ഹവാല പണമാണിതെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്.

ദുബായിലുള്ള റിയാസ് എന്നയാളുടെ നിർദേശപ്രകാരം നിസാറാണ് പണം കടത്താൻ പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. 48 പൊതികളിലാക്കി സറഫുദ്ദീന്റെ ലോറിയിൽ കയറ്റാനായിരുന്നു നിർദേശം. ചെന്നൈയിൽ പർദ വിൽപ്പനശാല നടത്തുകയാണ് നിസാർ അഹമ്മദ്.

ആരുടെ പണമാണിതെന്നും ആർക്കുവേണ്ടിയാണ് കൊണ്ടുപോകുന്നതെന്നും അന്വേഷിച്ചുവരുകയാണ്. ഹവാല ഇടപാടിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെല്ലൂർ ജില്ലാ പോലീസ് സൂപ്രണ്ട് രാജേഷ് കണ്ണനാണ് അന്വേഷണച്ചുമതല. പിടിച്ചെടുത്ത പണവും മറ്റുവിവരങ്ങളും ആദായനികുതിവകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..