നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രകടനപത്രിക മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന ശശി തരൂർ |ഫോട്ടോ:ANI
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരവുമായി ബന്ധപ്പെട്ട് ശശി തരൂർ പുറത്തിറക്കിയ പ്രകടനപത്രികയിലെ ഇന്ത്യയുടെ ഭൂപടത്തെച്ചൊല്ലി വിവാദം.
ജമ്മു-കശ്മീരിന്റെ മുഴുവൻ ഭാഗവുമില്ലാത്ത ഭൂപടത്തിന്റെ പേരിൽ വിവാദവും ട്വിറ്ററിൽ വാക്‌പോരും ഉയർന്നപ്പോൾ വൊളന്റിയർമാരിൽ ചെറിയൊരു സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിശകാണ് അതെന്ന് വിശദീകരിച്ച് തരൂർ നിരുപാധികം മാപ്പുപറഞ്ഞു. ആരുംതന്നെ ബോധപൂർവം ഇത്തരംകാര്യം ചെയ്യില്ല. തെറ്റു ശ്രദ്ധയിൽപ്പെട്ടയുടനെ അത് തിരുത്തി, നിരുപാധികം ക്ഷമാപണം നടത്തുകയാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
തരൂരിന്റേത് ലജ്ജാകരമായ നടപടിയാണെന്നും വിഭാഗീയ അജൻഡയാണെന്നുംവരെ ട്വിറ്ററിൽ വിമർശനമുയർന്നു. രാഹുൽ ഗാന്ധി ഭാരതത്തെ ഒന്നിപ്പിക്കാൻ യാത്ര നടത്തുമ്പോൾ, കോൺഗ്രസ് പ്രസിഡന്റാകാൻ ഇറങ്ങിയിരിക്കുന്നയാൾ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പുറപ്പാടിലാണെന്നും അങ്ങനെ ചെയ്യുന്നത് രാഹുലിന് ഗുണം ചെയ്യുമെന്ന് തരൂർ കരുതുന്നുണ്ടാകുമെന്നും ബി.ജെ.പി. വക്താവ് അമിത് മാളവ്യ ട്വീറ്റു ചെയ്തു.
ബി.ജെ.പി.യുടെ പ്രസ്താവനയെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ശക്തമായി വിമർശിച്ചു. ഭാരത് ജോഡോ യാത്ര കർണാടകയിൽ എത്തിയപ്പോൾ ബി.ജെ.പി. ശരിക്കും പരിഭ്രാന്തിയിലായെന്ന് ജയറാം രമേശ് പറഞ്ഞു. നിസ്സാരകാരണങ്ങൾ കണ്ടുപിടിച്ച് രാഹുലിനെയും യാത്രയെയും ബി.ജെ.പി. ലക്ഷ്യമിടുകയാണ്.
നേരത്തേയും തരൂർ പങ്കുവെച്ച ഇന്ത്യയുടെ ഭൂപടം വിവാദമായിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുമ്പോഴായിരുന്നു അത്. വിവാദമുയർന്നപ്പോൾ ഉടൻതന്നെ ട്വീറ്റ് പിൻവലിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..