കേന്ദ്രസർക്കാർ സംവിധാനങ്ങളെ ഭയക്കേണ്ട -ഖാർഗെ


1 min read
Read later
Print
Share

PHOTO: ANI

ന്യൂഡൽഹി: നുണകളും വഞ്ചനയും വിദ്വേഷവും നിറഞ്ഞ കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളെ ഭയക്കേണ്ടതില്ലെന്ന് കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേൽക്കവേ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടെയാണ് അദ്ദേഹം രാഹുൽഗാന്ധിയുടെ ഇൗ വാക്കുകൾ കടമെടുത്ത് പറഞ്ഞത്.

ഒരു തൊഴിലാളിയുടെ മകനെയും സാധാരണ പ്രവർത്തകനെയും അധ്യക്ഷനാക്കിയ കോൺഗ്രസുകാർക്ക് നന്ദി അറിയിക്കുന്നതായും തനിക്കിത് വൈകാരികമുഹൂർത്തമാണെന്നും ഖാർഗെ അറിയിച്ചു. ജ്ഞാനോദയവും ശാക്തീകരണവും സമത്വവും നിറഞ്ഞ ഒരിന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ഒന്നായി പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരമൊഴിഞ്ഞെന്ന് സോണിയ

ലോകത്തിന്റെ നിയമമാണ് മാറ്റമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഉത്തരവാദിത്വത്തിൽനിന്ന് സ്വതന്ത്രമായപ്പോൾ ഭാരമൊഴിഞ്ഞതായി അനുഭവപ്പെടുന്നു, ആശ്വാസം തോന്നുന്നു. കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും താഴെത്തട്ടിൽനിന്ന് വളർന്നുവന്ന അനുഭവസമ്പത്തുള്ള നേതാവായ ഖാർഗെയുടെ കീഴിൽ കോൺഗ്രസ് കൂടുതൽ ശക്തിയാർജിക്കുമെന്നും സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, ഭൂമിശാസ്ത്ര വൈവിധ്യങ്ങളെ അതിന്റെ വിവിധ ഭാവങ്ങളിൽത്തന്നെ പൂർണമായി മനസ്സിലാക്കുകയും സ്വാംശീകരിക്കുകയും ചെയ്ത നേതാവാണ് സോണിയയെന്ന് നന്ദിപ്രമേയത്തിൽ അജയ് മാക്കൻ പറഞ്ഞു. അധ്യക്ഷയെന്ന നിലയിൽ സോണിയാ ഗാന്ധിയുടെ അഭാവം പ്രവർത്തകർ അറിയുമെങ്കിലും മാർഗനിർദേശ വെളിച്ചമെന്ന നിലയിൽ അതനുഭവിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

മലയാളിനേതാക്കളുടെ നിര

ഖാർഗെയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനും ആശംസകൾ നേരാനും കേരളത്തിൽനിന്ന് നേതാക്കളുടെ വലിയ നിര. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഖാർഗെയുടെ പ്രചാരണസമിതിയംഗമായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, ജോസഫ് വാഴക്കൻ, എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, അനിൽ തോമസ്, നെയ്യാറ്റിൻകര സനൽ, എം.എം. നസീർ, ജെബി മേത്തർ, പത്മജ വേണുഗോപാൽ, ബി.എസ്. ഷിജു, ജയ്‌സൺ ജോസഫ്, എം.പി. വിൻസന്റ്, സി.പി. മാത്യു, ഡി.കെ. ബ്രിജേഷ്, ജോസഫ് ടജേറ്റി തുടങ്ങിയ നേതാക്കൾ ഖാർഗെയ്ക്ക് അനുമോദനമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..