ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ/ മാതൃഭൂമി
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം സർദാർ വല്ലഭ്ഭായി പട്ടേലിന് ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതിന്റെ പെരുമ ശരിക്കും കേരളത്തിന്റെ പുത്രനായ ശങ്കരാചാര്യർക്ക് അവകാശപ്പെട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാംസ്കാരികവും ആത്മീയവുമായ ഐക്യത്തെക്കുറിച്ച് ആയിരത്തിലേറെ വർഷംമുമ്പ് ഇന്ത്യക്കാരെ ഉദ്ബോധിപ്പിച്ച വ്യക്തിയാണ് ശങ്കരാചാര്യരെന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത്. താനിത് ആദ്യമായല്ല പറയുന്നതെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
എ.ഡി. 788-ൽ എറണാകുളത്തെ കാലടിയിലാണ് അദ്വൈദ സിദ്ധാന്തത്തിന്റെ വക്താവായ ശങ്കരാചാര്യർ ജനിച്ചത്. കേരളത്തിലെ കാലാവസ്ഥ ‘വിജ്ഞാന അന്വേഷികൾക്ക്’ യോജിച്ചതാണെന്ന് ഗവർണർ പറഞ്ഞു.
കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ടെന്നും ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. “ഇതിനു നാം അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യേണ്ടത് ആ സമൂഹത്തെയാണ്. കേരളീയരെയാണ് പ്രശംസിക്കേണ്ടത്; ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവരെ. വലിയൊരുവിഭാഗം സ്ത്രീകളെ മാറുമറയ്ക്കാൻപോലും അനുവദിക്കാത്ത മർദക ഫ്യൂഡൽ സമ്പ്രദായം നിലനിന്നിരുന്ന നാടാണു കേരളം. എപ്പോൾ പ്രതിസന്ധിയുടെ നിമിഷമുണ്ടാകുന്നോ അപ്പോൾ ചില മാഹാത്മാക്കൾ അവിടെ ഉയർന്നുവരും”- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എൽ.ഡി.എഫ്. സർക്കാരും ഗവർണറുമായുള്ള പോര് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയുടെ മാത്രമല്ല ലോകത്തിൻറെതന്നെ വിജ്ഞാനകേന്ദ്രമാകാൻ അനുയോജ്യമായ നാടാണ് കേരളമെന്ന് ഗവർണർ പറഞ്ഞു. ഇവിടത്തെ കാലാവസ്ഥ വിജ്ഞാന അന്വേഷികൾക്ക് വളരെ യോജിച്ചതാണെന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.
രാഷ്ട്രീയ ഐക്യം, ദേശീയ ഐക്യം എന്നൊക്കെയുള്ളത് സമീപകാല പ്രതിഭാസമാണെന്നും കോടിക്കണക്കിനു വർഷങ്ങൾ ഇന്ത്യ രാഷ്ട്രീയമായി ഭിന്നിച്ചുകഴിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 560-ലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത് ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായിരുന്ന സർദാർ വലല്ലഭ്ഭായി പട്ടേലാണ്. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 കേന്ദ്രസർക്കാർ 2014 മുതൽ രാഷ്ട്രീയ ഏകതാ ദിനമായാണ് ആഘോഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..