സവർക്കർ വിവാദം ഒതുക്കാൻ കോൺഗ്രസ്; വീണ്ടും കത്തിച്ച് തുഷാർ ഗാന്ധി


രാഹുൽ ഗാന്ധി | Photo: ANI

ഭോപാൽ/മുംബൈ: ഹിന്ദുമഹാസഭാ നേതാവ് വി.ഡി. സവർക്കർക്കെതിരേ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ വിമർശനവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് കോൺഗ്രസ്.

വിവാദങ്ങളെല്ലാം അവസാനിപ്പിക്കുന്നുവെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയ്റാം രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ മഹാത്മാഗാന്ധിയെ വധിക്കാൻ ശേഷിയുള്ള തോക്ക് കണ്ടെത്താൻ നാഥുറാം ഗോഡ്സെയെ സവർക്കർ സഹായിച്ചുവെന്ന ആരോപണവുമായി ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തത്തെത്തിയത് പുതിയ വാക്പോരിന് തീകൊളുത്തി.സവർക്കർ ബ്രിട്ടീഷ് ഭരണാധികാരികളെ സഹായിക്കുകയാണ് ചെയ്തതെന്നും സ്വാതന്ത്ര്യസമരത്തിനിടെ ജയിലായപ്പോൾ പേടിച്ച് ബ്രിട്ടീഷുകാരുടെ ദയയ്ക്കായി യാചിച്ചുവെന്നുമാണ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ഇതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവർ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ബി.ജെ.പി. അത് ആയുധമാക്കുകയുംചെയ്തു. സവർക്കർ വിവാദം തിരിച്ചടിക്കുമെന്ന് വ്യക്തമായതോടെ പിന്നീട് അതേക്കുറിച്ച് പറയാതെ രാഹുൽ ഒഴിഞ്ഞുമാറി. കഴിഞ്ഞദിവസം ഗുജറാത്തിൽ നടത്തിയ രണ്ടു റാലികളിലും സവർക്കറെപ്പറ്റി അദ്ദേഹം മിണ്ടിയിരുന്നില്ല.

ജോഡോയാത്ര ബുധനാഴ്ച മധ്യപ്രദേശിൽ പ്രവേശിച്ചതിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ജയ്റാം രമേഷ് വിവാദം അവസാനിപ്പിക്കുന്നതായി തുറന്നുപറഞ്ഞത്. “ബി.ജെ.പി.-ആർ.എസ്.എസ്. നേതാക്കൾ എന്ന് ഞങ്ങളുടെ നേതാക്കളെക്കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നത് നിർത്തുന്നുവോ, അന്ന് അവരുടെ നേതാക്കളുടെ സത്യം തുറന്നുകാട്ടുന്നത് ഞങ്ങളും അവസാനിപ്പിക്കും”- അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് തുഷാർഗാന്ധി സവർക്കർക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ചത്. “സവർക്കർ ബ്രിട്ടീഷുകാരെ മാത്രമല്ല സഹായിച്ചത്, ബാപ്പുവിനെ വധിക്കാൻ ശേഷിയുള്ള തോക്കുകണ്ടെത്താൻ നാഥുറാം ഗോഡ്സെയെയും സഹായിച്ചു. ബാപ്പുവിനെ വധിക്കുന്നതിന് രണ്ടു ദിവസം മുൻപുവരെയും വിശ്വസനീയമായ ഒരു തോക്കു കണ്ടെത്താൻ ഗോഡ്സെക്കു കഴിഞ്ഞിരുന്നില്ല. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാരെ സഹായിക്കുന്നതിൽ സവർക്കർ സജീവമായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസും ഐ.എൻ.എയും ബ്രിട്ടീഷുകാർക്കെതിരേ പോരാടുകയാണെന്ന് അറിഞ്ഞിട്ടും സവർക്കർ സഹായം തുടർന്നു. അത് നിഷേധിക്കാൻ കഴിയാത്ത ചരിത്ര യാഥാർഥ്യമാണ്”- തുഷാർ ഗാന്ധി പറഞ്ഞു. കഴിഞ്ഞദിവസം അദ്ദേഹം രാഹുലിനൊപ്പം ജോഡോ യാത്രയിലും പങ്കെടുത്തിരുന്നു.

എന്നാൽ തുഷാർ ഗാന്ധിയുടെ വിമർശനത്തെ ബി.ജെ.പി. തള്ളി. ഗാന്ധിവധക്കേസിൽ സവർക്കറെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും എന്നിട്ടും ചിലരദ്ദേഹത്തെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മഹാരാഷ്ട്ര ബി.ജെ.പി. വക്താവ് കേശവ് ഉപാധ്യായ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..