ന്യൂഡൽഹി: ‘കശ്മീർ ഫയൽസ്’ സിനിമയെ വിമർശിച്ചതിന് വിവിധ കോണുകളിൽനിന്ന് ആരോപണങ്ങൾ നേരിട്ട ഇസ്രയേലി സംവിധായകൻ നദവ് ലപ്പീദ് തന്റെ പരാമർശങ്ങളെ ന്യായീകരിച്ചു. ‘ആരെങ്കിലും തുറന്നുപറയേണ്ടത് ആവശ്യമാണ്’ എന്ന് ഇസ്രയേലി വാർത്താ വെബ്സൈറ്റായ യ്നെറ്റിനോട് ബുധനാഴ്ച അദ്ദേഹം പറഞ്ഞു. ‘കശ്മീർ ഫയൽസ്’ തരംതാണതും ആശയപ്രചാരണം ലക്ഷ്യമിട്ടുള്ളതുമായ സിനിമയാണെന്നായിരുന്നു ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷനായിരുന്ന ലപ്പീദിന്റെ വിവാദ പരാമർശം.
ഈ പരാമർശത്തിനെതിരേ ഉയർന്ന രോഷപ്രകടനങ്ങൾ വെറും ഭ്രാന്താണെന്നും അത് തന്നെ ഞെട്ടിച്ചെന്നും പറഞ്ഞു. “ആശയപ്രചാരണത്തിന്റെയും ഫാസിസത്തിന്റെയും അസഭ്യത്തിന്റെയും സുതാര്യമായ സംയോജന”മാണ് കശ്മീർ ഫയൽസെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
“അത് ഇന്ത്യാ സർക്കാരിന്റെ സിനിമയാണ്... അടിസ്ഥാനപരമായി കശ്മീരിലെ ഇന്ത്യയുടെ നയത്തെ ന്യായീകരിക്കുന്നതാണ്. അതിന് ഫാസിസ്റ്റ് പ്രകൃതമുണ്ട്...”
ഇത്രവ്യാപകമായ കോലാഹലമുണ്ടാകുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ‘എല്ലാവരും സർക്കാരിനെ പ്രകീർത്തിക്കുന്ന ചടങ്ങിൽ’ കശ്മീർ ഫയൽസിനെ വിമർശിക്കുന്നതിൽ ആശങ്കയും അസ്വസ്ഥതയും തോന്നിയിരുന്നു എന്നായിരുന്നു മറുപടി.
ലപ്പീദിന്റെ പരാമർശത്തെ ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി നവോർ ഗിലോനും കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. ഇന്ത്യയോട് ലപ്പീദ് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഒപ്പം സിനിമയുടെ അണിയറക്കാരും ബി.ജെ.പി. നേതാക്കളും ലപ്പീദിനെതിരേ രൂക്ഷവിമർശമുയർത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..