ഗുജറാത്തിൽ ആദ്യഘട്ടവോട്ട് ഇന്ന്


അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച. സൗരാഷ്ട്ര-കച്ച്‌ മേഖലകളിലെയും തെക്കൻഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ജനവിധി. 788 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന വോട്ടെടുപ്പിനായി 14,382 പോളിങ്സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പു നടക്കുന്ന 89 മണ്ഡലങ്ങളിൽ 48 എണ്ണം 2017-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്വന്തമാക്കിയതാണ്. 40 സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.

കോൺഗ്രസും ബി.ജെ.പി.യും 89 സീറ്റുകളിലും മത്സരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇക്കുറി ഇരുപാർട്ടികൾക്കും വെല്ലുവിളി ഉയർത്തുന്നു. സൂറത്ത് ഈസ്റ്റിലെ സ്ഥാനാർഥി അവസാനനിമിഷം പിൻവാങ്ങി ബി.ജെ.പി.യിൽ ചേക്കേറിയതിനാൽ എ.എ.പി.ക്ക് 88 സ്ഥാനാർഥികളേ ഉള്ളൂ. ബി.എസ്.പി. (57), ഭാരതീയ ട്രൈബൽ പാർട്ടി (14), സി.പി.എം. (4) തുടങ്ങി 36 മറ്റു പാർട്ടികളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 339 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.

ഡിസംബർ അഞ്ചിന് 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടം; എട്ടിന് ഹിമാചൽപ്രദേശിനൊപ്പം ഫലമറിയാം.

സൗരാഷ്ട്രയിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പി.

ഗുജറാത്തിൽ വ്യാഴാഴ്ച ബൂത്തിലെത്തുന്ന സൗരാഷ്ട്ര മേഖലയിലെ ഫലം നിർണായകമാണ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. നേതൃത്വം. രാജ്‌കോട്ട് സിരാകേന്ദ്രമായി 11 ജില്ലകളിലും കച്ചിലുമായി 54 മണ്ഡലങ്ങളാണ് ഈ മേഖലയിൽ. 2012-ൽ ബി.ജെ.പി.ക്ക് 35-ഉം കോൺഗ്രസിന് 16-ഉം എം.എൽ.എ.മാർ ഉണ്ടായിരുന്നു. 2017-ൽ 30 സീറ്റുകളുമായി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ ബി.ജെ.പി. 23-ലേക്ക് താണു. പട്ടേൽ സമരവും കർഷകരോഷവുമായിരുന്നു കാരണം. പട്ടേലുമാർ ബി.ജെ.പി.യിലേക്ക് തിരിച്ചെത്തിയതും കോൺഗ്രസിന്റെ ചില ഒ.ബി.സി. എം.എൽ.എ.മാർ ഒപ്പമുള്ളതും നേട്ടമാകുമെന്ന് ബി.ജെ.പി. കണക്കാക്കുന്നു. നർമദ ജലം എല്ലായിടത്തും എത്തിച്ചത് അവർ മുഖ്യപ്രചാരണവിഷയമാക്കി. ദ്വാരകയിലെ കൈയേറ്റം ഒഴിപ്പിച്ചതും മുതലാക്കി. കേശോദ് മണ്ഡലത്തിൽ വിമതനുണ്ട്.

കോൺഗ്രസും എ.എപി.യും വിലക്കയറ്റം, മോർബി ദുരന്തം, തൊഴിലില്ലായ്മ, അഴിമതി, കോവിഡ് മരണങ്ങൾ തുടങ്ങിയവ പ്രചാരണവിഷയങ്ങളാക്കി. വിലക്കയറ്റംമൂലം വിളയിറക്കാനുള്ള ചെലവുകൂടിയത് കർഷകവോട്ടുകൾ അനുകൂലമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എ.എ.പി. സൗജന്യവാഗ്ദാനങ്ങളുമായി കാടിളക്കിനടത്തിയ പ്രചാരണം വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് നിർണായകമാണ്.

സൂറത്ത് കേന്ദ്രമായ തെക്കൻഗുജറാത്തിലെ ഏഴുജില്ലകളിലെ 35 മണ്ഡലങ്ങളിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ബി.ജെ.പി.ക്ക് പരമ്പരാഗതമായി മേധാവിത്വമുള്ള മേഖലയാണിത്. 2017-ൽ ബി.ജെ.പി.ക്ക് 25-ഉം കോൺഗ്രസിന് എട്ടും സഖ്യകക്ഷിയായ ബി.ടി.പി.ക്ക് രണ്ടും സീറ്റുകൾ കിട്ടി. 14 ആദിവാസി സംവരണ മണ്ഡലങ്ങൾ തെക്കൻ ഗുജറാത്തിലുണ്ട്. കോൺഗ്രസിന്റെ ഏഴുസീറ്റുകളും ഇവിടെനിന്നായിരുന്നു. രണ്ട്‌ സംവരണ മണ്ഡലങ്ങൾ ബി.ടി.പി.ക്കു കിട്ടി. ഇത്തവണ ബി.ടി.പി. തനിച്ചാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ രണ്ട് ആദിവാസി എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് മാറുകയുംചെയ്തു. കോൺഗ്രസിന്റെ ഉറച്ച ഗോത്രവർഗ വോട്ടുകൾക്കായി ബി.ജെ.പി.യും എ.എ.പി.യും പോരാടുന്നു. ബി.ജെ.പി.ക്ക് കിട്ടിയ 25 മണ്ഡലങ്ങളിൽ പതിനഞ്ചും സൂറത്ത് ജില്ലയിലായിരുന്നു. ഇതിൽ നഗരത്തിലുള്ള പന്ത്രണ്ടിൽ ആറിടത്ത് ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളി ഉയർത്തുന്നു. നന്ദോദിൽ ബി.ജെ.പി.ക്ക് ഒരു വിമതനുണ്ട്.

ശരാശരി അഞ്ച് മണ്ഡലങ്ങൾക്ക് ഒന്ന് എന്ന തോതിൽ റാലികളിൽ പങ്കെടുത്ത നരേന്ദ്രമോദിയുടെ സ്വാധീനമാണ് ബി.ജെ.പി.യുടെ തുരുപ്പുചീട്ട്. അമിത് ഷായും യോഗി ആദിത്യനാഥും ഹിമന്തബിശ്വ ശർമയും ജെ.പി. നഡ്ഡയുമായിരുന്നു മറ്റ് പ്രമുഖപ്രചാരകർ. കോൺഗ്രസിനായി രാഹുൽ ഗാന്ധി രണ്ട് പൊതുയോഗങ്ങളിൽമാത്രമാണ് പ്രസംഗിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രിമാരായ അശോക് ഗഹ്‍ലോത്, ഭൂപേഷ് ബഘേൽ എന്നിവർ പ്രചാരണത്തിനെത്തി. ആപ്പിന്റെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജരിവാളും ഭഗവന്ത് സിങ് മന്നും റോഡ് ഷോകളിലൂടെ ആളെക്കൂട്ടി.

ഇന്ന് ജനവിധിതേടുന്ന പ്രമുഖർ

ബി.ജെ.പി.

ജിത്തു വാഘാണി-ഭാവ്‌നഗർ വെസ്റ്റ്

പർഷോത്തം സോളങ്കി-ഭാവ്‌നഗർ റൂറൽ

റീവാബ ജഡേജ-ജാംനഗർ നോർത്ത്

ഹർഷ് സാംഘവി-മജൂര

കോൺഗ്രസ്

പരേശ് ധാനാണി-അമ്രേലി

അർജുൻ മോധ്വാദിയ-പോർബന്തർ

ഇന്ദ്രനീൽ രാജ്യഗുരു-രാജ്‌കോട്ട് ഈസ്റ്റ്

അനന്ത് പട്ടേൽ-വൻസാഡ

എ.എ.പി.

ഇസുദാൻ ഗഢ്‌വി-ഖംഭാലിയ

ഗോപാൽ ഇടാലിയ-കതാർഗാം

അൽപേഷ് കഥീരിയ(വരഛ)

മറ്റുള്ളവർ

ഛോട്ടു വസാവ-ബി.ടി.പി. (സ്വത)

ശ്രദ്ധേയ മണ്ഡലം-മോർബി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..