വിരംഗാം ബി.ജെ.പി.ക്ക് അഭിമാനപ്രശ്നം, ഹാർദിക്കിന് ജയിച്ചേ തീരൂ...


ഗുജറാത്തിലെ വിരംഗാമിൽനിന്ന് ഇ.ജി. രതീഷ്

: വിരംഗാമിൽ ജി.ഐ.ഡി.സി.യുടെ മൈതാനം ബി.ജെ.പി. പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമയുടെ പ്രസംഗം കത്തിക്കയറുന്നു. “വിരംഗാമിന്റെ വികസനത്തിന്‌ പുതുചരിത്രമെഴുതാൻ ഹാർദിക് ഭായിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കൂ...”എന്നവസാനിപ്പിച്ചെങ്കിലും വലിയ ആവേശമൊന്നും പ്രവർത്തകർക്കില്ല.

പ്രാദേശിക എതിർപ്പുകൾ അവഗണിച്ചും മണ്ഡലത്തിൽ കണ്ണെറിഞ്ഞ നേതാക്കളെ തട്ടിനീക്കിയുമാണ് ഹാർദിക് പട്ടേലിനെ ബി.ജെ.പി. ഇവിടെ സ്ഥാനാർഥിയാക്കിയത്. വിരംഗാം ഈ 29-കാരന്റെ ജന്മനാടാണ്. അഞ്ചുവർഷംമുമ്പ് ഇതേ വഴികളിലൂടെ ബി.ജെ.പി.യെ വെല്ലുവിളിച്ച് പ്രസംഗിച്ചുനടന്ന ചരിത്രവും ഹാർദിക്കിനുണ്ട്. പല എം.എൽ.എ.മാരും കോൺഗ്രസിൽനിന്ന് കാലുമാറിവന്ന് മത്സരിക്കുന്നുണ്ടെങ്കിലും ഹാർദിക് പട്ടേൽ ‘അതുക്കുംമേലെ’യാണ്. കഴിഞ്ഞതവണ പട്ടേൽവോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലെത്തിച്ച ഒന്നാംനമ്പർ ശത്രുവായിരുന്നു ഹാർദിക്. 24 കേസുകളാണ് അദ്ദേഹത്തിന്റെ തലയിൽ ബി.ജെ.പി.സർക്കാർ ചാർത്തിക്കൊടുത്തത്. കേസുകളിൽ വലയുകയാണ് നൂറുകണക്കിന് യുവപട്ടേലുമാർ.

“ഞാൻ ജയിച്ചുകഴിഞ്ഞാൽ അതൊക്കെ ഒഴിവാക്കിത്തുടങ്ങും. 10 ശതമാനം സാമ്പത്തികസംവരണം വന്നതോടെ ബി.ജെ.പി.യോടുള്ള എതിർപ്പ് അവസാനിച്ചുകഴിഞ്ഞു. പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. അവർ ഗുജറാത്തിനും ഹിന്ദുസംസ്കാരത്തിനും വിരുദ്ധമാണ്” -കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ ബി.ജെ.പി.യിലേക്കുള്ള ചാട്ടത്തെ ഇങ്ങനെയാണ് ഹാർദിക് ന്യായീകരിക്കുന്നത്.

പക്ഷേ, അത് അത്രപെട്ടെന്ന് നാട്ടുകാർ വകവെച്ചുകൊടുക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകനായ അരവിന്ദ്ഭായ് പറയുന്നത്. “തികഞ്ഞ അവസരവാദിയാണ് ഹാർദിക്കെന്ന് നാട്ടുകാർക്കറിയാം. ഞങ്ങളുടെ എം.എൽ.എ. ലഖാഭായിക്കൊപ്പമാണ് സാധാരണക്കാരെല്ലാം.”

കഴിഞ്ഞതവണ 6548 വോട്ടിനാണ് ലഖാഭായ് ഭർവാഡ് കോൺഗ്രസിനുവേണ്ടി മണ്ഡലം നിലനിർത്തിയത്. 2012-ൽ കോൺഗ്രസിന്റെ തേജശ്രീ പട്ടേൽ 16,983 വോട്ടിനാണ് മണ്ഡലം പിടിച്ചെടുത്തത്. 2002-ലും 2007-ലും ബി.ജെ.പി.ക്കായിരുന്നു ജയം. പക്ഷേ, തേജശ്രീ ബി.ജെ.പി.യിലേക്കു ചാടി. അവരെത്തന്നെ തോൽപ്പിച്ചാണ് ലഖാഭായിയുടെ ജയം. ഈ ചരിത്രമാണ് കോൺഗ്രസിന്റെ മുതൽക്കൂട്ട്.

നൂറുവർഷത്തിലേറെ പഴക്കമുള്ള പട്ടണമാണെങ്കിലും വിരംഗാം കാഴ്ചയിൽ വൃത്തിഹീനമാണ്. പത്തുവർഷം കോൺഗ്രസ് വിജയിച്ചിട്ടും മണ്ഡലത്തിനായി ഒന്നുംചെയ്തില്ലെന്ന വാദം ഹാർദിക് പട്ടേൽ ഉയർത്തുന്നു. വിരംഗാമിനെ ജില്ലയാക്കാമെന്നും അലഞ്ഞുതിരിയുന്ന കാലികൾക്ക് അഭയം നൽകാൻ തന്റെ ശമ്പളം നീക്കിവെക്കാമെന്നും ബി.ജെ.പി. സ്ഥാനാർഥി വാഗ്ദാനംചെയ്യുന്നു.

മണ്ഡലത്തിലേറെയും ഠാക്കൂർ വിഭാഗക്കാരാണ്. ആം ആദ്മി പാർട്ടി നിൽത്തിയിരിക്കുന്നത് അമർസിങ് ഠാക്കൂറിനെയാണ്. ഹാർദിക്കിന് മുമ്പുതന്നെ കോൺഗ്രസിൽനിന്ന്‌ ബി.ജെ.പി.യിലെത്തിയ അൽപേഷ് ഠാക്കൂറിനെ വിരംഗാമിൽ ബി.ജെ.പി. പ്രചാരണത്തിനിറക്കിയത് ഠാക്കൂർ വോട്ടിൽ കണ്ണുനട്ടാണ്. അൽപേഷും ഇതേ നാട്ടുകാരാണ്. 38,000-ത്തോളം വരുന്ന പട്ടേൽവിഭാഗം ഇത്തവണ ഒപ്പംനിൽക്കുമെന്ന് ബി.ജെ.പി. കണക്കാക്കുന്നു. 28,000 ദളിത്, 20,000 മുസ്‍ലിം വോട്ടുകളുമുള്ള മണ്ഡലത്തിലെ സമുദായസമവാക്യങ്ങൾ സങ്കീർണമാണ്.

പട്ടേൽസമുദായത്തെ ഒപ്പംനിർത്താൻ പാർട്ടിനേതൃത്വത്തിനും തന്റെ ഭാവിക്ക് ഹാർദിക്കിനും വിജയം അനിവാര്യമാണ്. അതിനാൽ മോദി കഴിഞ്ഞാൽ ബി.ജെ.പി.ക്കാരുടെ ഹൃദയസമ്രാട്ടായി വളർന്നിരിക്കുന്ന യോഗി ആദിത്യനാഥിന്റെ റോഡ് ഷോയും മണ്ഡലത്തിൽ സംഘടിപ്പിച്ചു. കഴിഞ്ഞതവണ കോൺഗ്രസിനെ ജയിപ്പിക്കാൻ ഹെലികോപ്റ്ററിൽ പറന്നുനടന്ന അതേ യുവപോരാളി ഇപ്പോൾ വിരംഗാം മണ്ഡലത്തിൽ അടിവലി ഒഴിവാക്കാൻ ചുറ്റിക്കറങ്ങുന്നു.

ഡിസംബർ അഞ്ചിന് രണ്ടാംഘട്ടത്തിലാണ് അഹമ്മദാബാദ് ജില്ലയുടെ അതിർത്തിയിലുള്ള വിരംഗാമിലെ വോട്ടെടുപ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..