ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്കൂൾബസിനകത്ത് സ്ത്രീ ബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. വെസ്റ്റ് ബെംഗളൂരു നയന്തഹള്ളി സ്വദേശി ശിവകുമാറിനെയാണ് (40) ചന്ദ്ര ലേഔട്ട് പോലീസ് അറസ്റ്റുചെയ്തത്.
സ്കൂളിൽ കുട്ടികളെ ഇറക്കിയശേഷം തിരിച്ചുപോകുകയായിരുന്ന ബസിലാണ് പീഡനം നടന്നത്. മറ്റൊരു സ്കൂളിൽ ആയയായി ജോലിചെയ്യുന്ന സ്ത്രീയാണ് പീഡനത്തിനിരയായത്.
ജോലികഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കുപോകാനായി ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇവർ ബസിന് കൈകാണിക്കുകയായിരുന്നു. സ്ത്രീയുടെ വീടിന്റെ ഭാഗത്തേക്കാണ് പോകുന്നതെന്ന് പറഞ്ഞ് ശിവകുമാർ ഇവരെ ബസിൽ കയറ്റി. പക്ഷേ, ഇയാൾ ബസ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും റോഡരികിൽ നിർത്തിയിട്ടശേഷം സ്ത്രീയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. രാത്രി ഏഴുമണിയോടെ സ്ത്രീയെ വീടിനടുത്ത് ഇറക്കിവിട്ടു. പീഡനവിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
പുറത്തിറങ്ങിയ സ്ത്രീ രജിസ്ട്രേഷൻനമ്പർ അടക്കം ബസിന്റെ ചിത്രം മൊബൈൽഫോണിൽ പകർത്തി മകന് അയച്ചുകൊടുത്തു. ആക്രമിക്കപ്പെട്ട കാര്യവും അറിയിച്ചു. മകൻ സുഹൃത്തുക്കളെയുംകൂട്ടി നടത്തിയ തിരച്ചിലിൽ ബസ് കണ്ടെത്തി. അപ്പോഴേക്കും മദ്യലഹരിയിലായിരുന്ന ഡ്രൈവറെ സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഡ്രൈവറെ അറസ്റ്റുചെയ്യുകയായിരുന്നു. സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..