ഡൽഹി മദ്യനയം: വിജയ് നായർ 100 കോടി കൈപ്പറ്റിയെന്ന് ഇ.ഡി.


ന്യൂഡൽഹി: ഡൽഹിസർക്കാരിന്റെ വിവാദ മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വിജയ് നായർ ആം ആദ്മി പാർട്ടിക്കുവേണ്ടി 100 കോടി രൂപ കൈപ്പറ്റിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയെ അറിയിച്ചു.

ഡൽഹിസർക്കാരിന്റെ ഭാഗമായ ചില എ.എ.പി. നേതാക്കൾ അനധികൃതമായി പണം സമ്പാദിക്കാനുള്ള മാർഗമായി മദ്യനയത്തെ ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ബിസിനസുകാരൻ അമിത് അറോറയെ റിമാൻഡിൽ വിട്ടുകിട്ടാൻ നൽകിയ അപേക്ഷയിലാണ് ഇ.ഡി. ഇക്കാര്യങ്ങൾ പറഞ്ഞത്. ടി.ആർ.എസ്. നേതാക്കളായ ചിലർ നിയന്ത്രിക്കുന്ന ദക്ഷിണേന്ത്യൻ സംഘത്തിൽനിന്നാണ് എ.എ.പി. നേതാക്കൾക്കുവേണ്ടി വിജയ് നായർ 100 കോടിയോളം രൂപ കൈപ്പറ്റിയതെന്ന് ഇ.ഡി. പറയുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിതയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം, ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കവിത പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ മോദിക്കുമുമ്പേ ഇ.ഡി. എത്തുന്നത് പതിവായിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

മദ്യനയക്കേസിൽ സി.ബി.ഐ.യുടെ എഫ്.ഐ.ആറിൽ പേരുള്ള ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുഖ്യമന്ത്രിയുടെ പി.എ. എന്നിവരടക്കം 35-ലേറെപ്പേർ തട്ടിപ്പിന്റെ തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്നും ഇ.ഡി. ആരോപിക്കുന്നു. ആറുമാസത്തിനിടെ സിസോദിയ പത്തിലേറെത്തവണ മൊബൈൽ ഫോണുകൾ മാറി. ഇത്തരത്തിൽ കേസുമായി ബന്ധപ്പെട്ടവർ ആകെ 170 ഫോണുകൾ മാറി. 17 ഫോണുകൾ ഇ.ഡി. കണ്ടെത്തി. അവയിൽനിന്നാണ് പല നിർണായകവിവരങ്ങളും ലഭിച്ചത്. അനധികൃതമായി പണം തട്ടിയെടുക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പുതിയ മദ്യനയം രൂപവത്കരിച്ചത്. സർക്കാരിന് 12 ശതമാനം വരുമാനം കുറഞ്ഞു. വിജയ് നായർ എ.എ.പി.യുടെ സാധാരണപ്രവർത്തകൻ മാത്രമല്ല, കെജ്‌രിവാളിന്റെ അടുത്തസഹായിയാണെന്നും ഇ.ഡി. പറയുന്നു.

അമിത് അറോറയടക്കം മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേർ അറസ്റ്റിലായി. സി.ബി.ഐ.യും ഇ.ഡി.യും കഴിഞ്ഞയാഴ്ചയാണ് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. മദ്യനയത്തിൽ സി.ബി.ഐ. കേസെടുത്തതിനുപിന്നാലെയാണ് സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി.യും അന്വേഷണം തുടങ്ങിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..